ന്യൂഡൽഹി: അയോധ്യ കേസിന്റെ വിധിയെ തന്നെ സ്വാധീനിക്കാൻ തക്ക പ്രാധാന്യമേറിയ സുപ്രധാനമായ മറ്റൊരു കേസിലാണ് ഇന്ന് വിധി വരുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 1994 ലെ ഇസ്‌മായിൽ ഫാറൂഖിയും കേന്ദ്രസർക്കാരും തമ്മിലുളള കേസ് പുനഃപരിശോധിക്കുന്നത്.

ഡിവിഷൻ ബെഞ്ചിലെ മറ്റ് അംഗങ്ങൾ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ്. ഇസ്‌ലാമിൽ വിശ്വാസത്തിന് പളളി ഒഴിച്ചുകൂടാനാകാത്ത ഒന്നല്ലെന്ന വിധിയാണ് പുനഃപരിശോധിക്കുന്നത്. തുറസായ സ്ഥലത്തും നിസ്‌കാരമാവാമെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

1994 ലെ കോടതി വിധി എന്ത്?

ബാബ്റി മസ്‌ജിദും അതിന് ചുറ്റുമുളള ഭൂമിയും അടങ്ങുന്ന 67.703 ഏക്കർ സ്ഥലം 1993 ലെ അയോധ്യ നിയമ പ്രകാരം ഏറ്റെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് ഡോ.ഇസ്‌മായിൽ ഫാറൂഖി കോടതിയെ സമീപിച്ചത്.

കേസിൽ വാദം കേട്ട സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷവും വിധി ശരിവച്ചു. “സാമുദായിക സ്പർദ്ധ ഒഴിവാക്കാൻ സ്വീകരിക്കുന്ന ഏത് നടപടിയും വാദപ്രതിവാദങ്ങളില്ലാതെ തന്നെ മതനിരപേക്ഷ നീക്കമായി വിലയിരുത്താം,” എന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി ശരിവച്ച് അഞ്ചംഗ ബെഞ്ച് പറഞ്ഞത്.

ഇസ്‌ലാമിൽ നിസ്‌കാരം എവിടെ വച്ചും ചെയ്യാമെന്ന് കോടതി നിരീക്ഷിച്ചു. “ഇസ്‌ലാമിക വിശ്വാസ പ്രകാരം പളളി ഒഴിച്ചുകൂടാനാവാത്ത ഒന്നല്ല. നിസ്‌കാരം എവിടെ വച്ചും ചെയ്യാവുന്ന ഒന്നാണ്. അതിനാൽ തന്നെ പളളികൾ ഏറ്റെടുക്കുന്നതിനെ ഇന്ത്യൻ ഭരണഘടന ഏതെങ്കിലും വിധത്തിൽ തടയുന്നില്ല,” എന്ന് ന്യായാധിപന്മാരിൽ ഭൂരിപക്ഷം നിരീക്ഷിച്ചു.

അയോധ്യ ഭൂമിതർക്ക കേസിൽ 2010 ൽ അലഹബാദ് ഹൈക്കോടതി വിധിയും ഈ സുപ്രീം കോടതി വിധി പരാമർശിച്ചിരുന്നു. തർക്കഭൂമിയെ മൂന്നാക്കി ഭാഗിച്ച് മൂന്നിലൊന്ന് ഹിന്ദുക്കൾക്കും, മൂന്നിലൊന്ന് ഇസ്‌ലാം മതസ്ഥർക്കും, മൂന്നിലൊന്ന് ഈശ്വര സങ്കൽപ്പമായ രാമനും നൽകണമെന്നായിരുന്നു കോടതി വിധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook