ലക്നൗ: അയോധ്യയില്‍ രാമപ്രതിമ നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. കൂറ്റൻ രാമപ്രതിമ നിർമിക്കാൻ ഭൂമിയേറ്റെടുക്കല്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അയോധ്യ ജില്ലാ ഭരണകൂടമാണ് ഭൂമിയേറ്റെടുക്കല്‍ നടത്തുന്നത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. ലക്നൗ-ഗോരഖ്പൂർ ദേശീയപാതയോട് ചേര്‍ന്നുള്ള മഞ്ജ ബര്‍ഹത ഗ്രാമത്തിലെ 259 കര്‍ഷകരുടെ 86 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
കര്‍ഷകര്‍ക്ക് അവരുടെ എതിര്‍പ്പുകള്‍ അറിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഇതിനകം എതിര്‍പ്പുള്ളവര്‍ക്ക് അറിയിക്കാം. അതിനുശേഷമായിരിക്കും ഭൂമിയേറ്റെടുക്കല്‍ ആരംഭിക്കുക. ഭൂമിയേറ്റെടുക്കുന്നതിനായി 100 കോടി രൂപ ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കുന്ന കാര്യം കര്‍ഷകരെ അറിയിക്കാനാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
Read Also: മാറ്റത്തിന്റെ ചിറകുകൾ; ചിത്രശലഭത്തെ പോലെ പറന്നുയർന്ന് ഭാവന
251 മീറ്റർ ഉയരമുള്ള പ്രതിമയാണ് യുപിയിൽ നിർമിക്കുന്നത്. സരയു നദീതീരത്ത് പ്രതിമ നിർമിക്കാനാണ് യുപി സർക്കാർ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് പ്രരംഭ നടപടികൾ ആരംഭിച്ചത്. ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരാണ് ജില്ലാ ഭരണകൂടത്തിന് അനുമതി നൽകിയത്. പ്രതിമക്കൊപ്പം മ്യൂസിയം കൂടി നിർമിക്കാനാണ് സർക്കാർ തീരുമാനം. ടൂറിസത്തിനു കൂടുതൽ പ്രാധാന്യം നൽകിയായിരിക്കും പ്രൊജക്ട് പൂർത്തീകരിക്കുക.
ഗുജറാത്തിലെ 183 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയേക്കാൾ ഉയരത്തിലായിരിക്കും രാമ പ്രതിമ യുപിയില്‍ നിർമിക്കുക. ഡിജിറ്റൽ മ്യൂസിയം, വായനശാല, പാർക്കിങ്, ഭക്ഷണശാല എന്നിവയും പ്രതിമക്കൊപ്പം ഉണ്ടാകും.