ന്യൂഡൽഹി: അയോധ്യയിൽ അടിയന്തര വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി. ഇതിന് കൂടുതൽ ചർച്ചകളും തീരുമാനങ്ങളും ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ആർഎസ്എസ് നേതാവ് കെ.എൻ.ഗോവിന്ദാചാര്യയായാണ് ഇത് സംബന്ധിച്ച ആവശ്യവുമായി കോടതിയെ സമീപിച്ചത്. വാദം കേൾക്കുന്നതിന്റെ തത്സമയ സംപ്രേക്ഷണമോ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യവും കോടതി തള്ളി.
തത്സമയ സംപ്രേക്ഷണത്തിനോ റെക്കോർഡിങ്ങിനോയുള്ള സംവിധാനം ഉണ്ടൊയെന്ന് അറിയില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ജസ്റ്റിസുമാരായ എസ്.എ.ബോബ്ദേ, ബി.ആർ.ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
Also Read: അയോധ്യ: ചർച്ച പരാജയം; മധ്യസ്ഥ സമിതി റിപ്പോർട്ട്
അയോധ്യയിലെ രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തർക്ക കേസുകളിൽ സുപ്രീംകോടതി ചൊവ്വാഴ്ച മുതൽ തുടർച്ചയായി വാദം കേൾക്കാനിരിക്കെയാണ് പുതിയ ആവശ്യവുമായി ആർഎസ്എസ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇക്കാര്യം തീരുമാനിച്ചത്. കേസുകളുടെ എല്ലാ വശങ്ങളും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ മധ്യസ്ഥ ചർച്ചയ്ക്കു സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ചർച്ചകൾ പരാജയപ്പെട്ടെന്നും തങ്ങളുടെ നടപടികൾ അവസാനിപ്പിച്ചെന്നും സമിതി കഴിഞ്ഞ ദിവസം കോടതിക്കു റിപ്പോർട്ട് നൽകി. ജസ്റ്റിസ് (റിട്ട) എഫ്. എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ സമിതിയിൽ ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, ചെന്നൈയിലെ അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ടിരുന്നു.
Also Read: ‘പ്രത്യേക പദവി ഔദാര്യമല്ല, അവകാശമായിരുന്നു’; ആഞ്ഞടിച്ച് മെഹ്ബൂബ
വിഷയം പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുദ്ര വച്ച കവറിലാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.