ന്യൂഡൽഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്നതാണ് മൂന്നംഗം ബെഞ്ച്.

ഇസ്‌മായിൽ ഫാറൂഖിയും കേന്ദ്രസർക്കാരും തമ്മിലുളള കേസിൽ 1994 ലെ വിധിയാണ് പുനഃപരിശോധിക്കുന്നത്. ഇസ്‌ലാമിൽ വിശ്വാസത്തിന് പളളി ഒഴിച്ചുകൂടാനാകാത്ത ഒന്നല്ലെന്ന വിധിയാണ് പുനഃപരിശോധിക്കുന്നത്. തുറസായ സ്ഥലത്തും നിസ്‌കാരമാവാമെന്ന് കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

എന്നാൽ ഈ വിധിക്കെതിരെ വിവിധ മുസ്‌ലിം സംഘടനകൾ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ മുഖേന റിവ്യു ഹർജി നൽകുകയായിരുന്നു. സുപ്രീം കോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നുമാണ് ധവാന്‍ വാദിച്ചത്.

വിശാലമായ ഭരണഘടന ബെഞ്ചിൽ ഈ കേസ് വാദം കേൾക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇന്ന് സുപ്രീം കോടതി സുപ്രധാന നിലപാട് കൈക്കൊളളും. വാദം കേൾക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ച് മുൻ വിധി അംഗീകരിക്കപ്പെട്ടാൽ അത് അയോധ്യ കേസിൽ ഹൈന്ദവ സംഘടനകൾക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുന്‍പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തേതാണിത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ