ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം തുടരുന്നതിനിടെ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറി. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്.

അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങള്‍ വാദത്തില്‍ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ എതിര്‍ത്തു. തനിക്കു നല്‍കിയ പേജ് രാജീവ് ധവാന്‍ കീറികളയുകയായിരുന്നു. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതും ധവാന്‍ അതു കീറിക്കളയുകയായിരുന്നു. ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

Read Also: അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത് സിപിഎമ്മുകാരനും കോണ്‍ഗ്രസുകാരനും ചേര്‍ന്ന്; വൈകാരികം ഈ വരികള്‍

അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വാദമുഖങ്ങളാണ് ഇരു കൂട്ടരും ഉന്നയിച്ചത്. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി വാദിച്ച അഡ്വ.സി.എസ്.വൈദ്യനാഥന്‍ സുന്നി വഖഫ് ബോര്‍ഡിന്റെ വാദങ്ങളെ ശക്തമായി എതിര്‍ത്തു. തര്‍ക്ക പ്രദേശത്ത് മുസ്ലീം വിഭാഗങ്ങള്‍ 1857 മുതല്‍ 1934 വരെയുള്ള വര്‍ഷങ്ങളില്‍ എല്ലാ വെള്ളിയാഴ്ചയും പ്രാര്‍ത്ഥന നടത്തിയിരുന്നതായി തെളിവുകളുണ്ടെന്ന് സി.എസ്.വൈദ്യനാഥന്‍ പറഞ്ഞു. എന്നാല്‍, 1934 ന് ശേഷം മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവര്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് പ്രാര്‍ത്ഥനകള്‍ നടത്തിയതിനു തെളിവുകളൊന്നുമില്ലെന്ന് വൈദ്യനാഥന്‍ വാദിച്ചു. 1934 ന് ശേഷവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവര്‍ അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് പ്രാര്‍ത്ഥനകള്‍ നടത്തിയതിനു തെളിവുകളുണ്ടെന്നും വൈദ്യനാഥന്‍ പറഞ്ഞു.

അയോധ്യയിലെ സ്ഥലത്തെയാണ് ഹൈന്ദവ വിശ്വാസികള്‍ രാമജന്മഭൂമി എന്ന് വിളിക്കുന്നതും വിശ്വസിക്കുന്നതും. ഡല്‍ഹിയിലെ മറ്റേതെങ്കിലും സ്ഥലങ്ങളെ രാമജന്മഭൂമിയായി കണക്കാക്കാനും വിശ്വസിക്കാനും സാധിക്കില്ല. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക് ആരാധന നടത്താന്‍ മറ്റ് സ്ഥലങ്ങളുണ്ട് സി.എസ്.വൈദ്യനാഥന്‍ പറഞ്ഞു.

അതേസമയം, തങ്ങളോട് മാത്രമാണ് ബഞ്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് സുന്നി വഖഫ് ബോര്‍ഡ് പരിഭവം പറഞ്ഞു. എതിര്‍ഭാഗത്തോട് ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ലെന്നും വഖഫ് ബോര്‍ഡ് അഭിഭാഷകൻ പറഞ്ഞു.

Read Also: വാദിച്ചതു മതി; അയോധ്യ കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ഇന്ന് വൈകീട്ട് അഞ്ചിനു വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ചീഫ് ജസ്റ്റിസ് രാവിലെ പറഞ്ഞു. രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീർക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.

യുപിയിലെ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സാഫര്‍ അഹമ്മദ് ഫറൂഖിക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുണ്ടെന്ന് സാഫര്‍ അഹമ്മദ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനെ അറിയിച്ചിരുന്നു. ഇതേ ത്തുടര്‍ന്നാണ് സുരക്ഷയൊരുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയത്.

രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Read Also: ‘ഒന്നര ലക്ഷം കര്‍സേവകര്‍, 2300 കോണ്‍സ്റ്റബിളുമാര്‍, ഒരൊറ്റ പളളി’: ബാബറി മസ്ജിദ് നിലംപൊത്തിയത് ഇങ്ങനെ

അയോധ്യയുടെയും അവിടം സന്ദർശിക്കുന്നവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ഝാ പറഞ്ഞു. ഓഗസ്റ്റ് 31നാണ് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 12ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ അത് കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. അയോധ്യയിലോ പരിസരത്തോ അനാവശ്യമായി ആളുകൾ കൂട്ടംകൂടി നിൽക്കുകയോ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുകയോ അരുതെന്ന് ഉത്തരവിൽ പറയുന്നു.

ഓഗസ്റ്റ് ആറു മുതൽ സുപ്രീം കോടതി തുടർച്ചയായി അയോധ്യകേസിൽ വാദം കേൾക്കുകയാണ്. ഒക്റ്റോബർ17ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിരമിക്കുന്ന നവംബർ 17-നോടകം വിധി പുറപ്പെടുവിക്കാനാണ് സുപ്രീം കോടതി നീക്കം.

അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബഞ്ചിന്റെ പരിഗണനയിലാണ് കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook