/indian-express-malayalam/media/media_files/uploads/2019/03/Supreme-Court-of-India.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസ് വിധി പറയാന്‍ മാറ്റിവച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാകും യോഗം. അയോധ്യ പ്രശ്‌നത്തിലെ മധ്യസ്ഥ ചര്‍ച്ചകള്‍ വിജയം കണ്ടെന്ന് റിട്ട ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടും ജഡ്ജിമാര്‍ പരിശോധിക്കും.
നവംബര്‍ 17ന് ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസില്‍ അതിന് മുമ്പ് വിധി പറയും എന്നാണ് സൂചന. അയോധ്യ ഭൂമിതര്‍ക്ക കേസ് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതി വിധിപറയാന്‍ മാറ്റിയിരുന്നു. ഓഗസ്റ്റ് ആറിനാണ് കേസില്‍ വാദം കേള്‍ക്കല്‍ കോടതി ആരംഭിച്ചത്.
കേസില്‍ വാദം തുടരുന്നതിനിടെ സുപ്രീംകോടതിയില്‍ കഴിഞ്ഞ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറി. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്. വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറിക്കളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതും ധവാന്‍ രേഖ കീറുകയായിരുന്നു. ഉടന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
അയോധ്യയുമായി ബന്ധപ്പെട്ട് കുനാല്‍ കിഷോര്‍ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങള്‍ വാദത്തില്‍ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ എതിര്‍ത്തു. തുടര്‍ന്ന് ചീഫ്ജസ്റ്റിസിന്റെ പരാമര്‍ശത്തോടെ തനിക്കു നല്‍കിയ പേജ് രാജീവ് ധവാന്‍ കീറിക്കളയുകയായിരുന്നു. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു പേജിലുണ്ടായിരുന്നത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേട്ടത്.
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. കേസില്‍ നവംബര്‍ 17 ന് വിധി പുറപ്പെടുവിക്കാനാണ് സാധ്യത. ഒക്ടോബര്‍ 17 ന് മുന്‍പ് തന്നെ എല്ലാ വാദങ്ങളും തീര്‍ക്കണമെന്ന് ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നതിനു മുന്‍പ് വിധി പറയാനാണ് സാധ്യത.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.