ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തോടനുബന്ധിച്ചുള്ള ഭൂമിപൂജയിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ഉമാ ഭാരതി തീരുമാനിച്ചത്.

ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കാൻ സംഘാടകരോടും പ്രധാനമന്ത്രിയുടെ ഓഫിസിനോടും ആവശ്യപ്പെട്ടതായി ഉമാ ഭാരതി ട്വീറ്റ് ചെയ്‌തു.

ഭൂമിപൂജ നടക്കുന്ന സമയത്ത് സരയു നദീതീരത്ത് നിൽക്കുമെന്നും ഭൂമിപൂജ കഴിഞ്ഞ് എല്ലാവരും പോയ ശേഷം രാംലല്ല സന്ദർശിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു.

Read Also: അമിത് ഷാ കാളകൂട വിഷം കഴിച്ച പരമേശ്വരൻ; രോഗശാന്തിക്കായി പ്രാർഥിച്ച് സന്ദീപ് വാര്യർ

“ശിലാസ്ഥാപന ചടങ്ങിനു മുൻപായി അയോധ്യയിലേക്ക് പോകും. എന്നാൽ, ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കില്ല. ശിലാസ്ഥാപന ചടങ്ങി കഴിഞ്ഞ്, എല്ലാ അതിഥികളും പോയശേഷം രാംലല്ല സന്ദർശിക്കും,” ഉമാ ഭാരതി പറഞ്ഞു.

ഭൂമിപൂജയിൽ പ്രത്യേക അതിഥിയായെത്തുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യത്തെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും ഉമാ ഭാരതി കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും മറ്റു ചില ബിജെപി നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമാ ഭാരതി ഭൂമിപൂജയിൽ നിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചത്.

അതേസമയം, രാമക്ഷേത്ര ഭൂമിപൂജ ചടങ്ങിനായി വൻ ഒരുക്കങ്ങളാണ് അയോധ്യയിൽ നടക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാണ് ആലോചന.

ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന ഭൂമിപൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം അമ്പതോളം വിഐപികൾ പങ്കെടുക്കുമെന്നാണ് സൂചന. . ക്ഷേത്ര തറക്കല്ലിടലിനു നാൽപ്പത് കിലോയുടെ വെള്ളിക്കല്ലാണ് ഉപയോഗിക്കുക. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തറക്കല്ലിടൽ പരിപാടി.

Read Also: ‘മാമാങ്കം’ നായിക പ്രാചി തെ‌ഹ്‌ലാൻ വിവാഹിതയാവുന്നു

ഭക്തര്‍ക്ക് ശിലാസ്ഥാപനം തത്സമയം കാണുന്നതിനായി അയോധ്യയുടെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് തുടങ്ങി പ്രമുഖരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അറുപതിൽ കൂടുതൽ പ്രായമുള്ളവർ പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എന്നാൽ, പ്രധാനമന്ത്രി അടക്കമുള്ള പല രാഷ്‌ട്രീയ പ്രമുഖർക്കും അറുപതിൽ കൂടുതൽ പ്രായമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook