അഹമദാബാദ് : അമിത് ഷായുടെ മകന്‍ ജയ്‌ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കരുത് എന്ന് ‘ദി വയറി’നു നിര്‍ദ്ദേശം നല്‍കിയ കീഴ്ക്കോടതി വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു.

കഴിഞ്ഞമാസമാണ് ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റിനെ ജയ്‌ ഷാക്കെതിരെയുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് അഹമദാബാദ് കോടതി വിധി പുറപ്പെടുവിക്കുന്നത്. ദി വയറിന്‍റെ വാര്‍ത്ത അപകീര്‍ത്തിപരമല്ലെന്നും വസ്തുനിഷ്ഠമായി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്ളതാണ് എന്നും വയറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ വാദിച്ചു.

കേസില്‍ ജയ്‌ഷായുടെ മറുപടി ആവശ്യപ്പെട്ടുകൊണ്ടും കോടതി നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും.

2014ല്‍ ജയ്‌ഷായുടെ കമ്പനിയുടെ ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ചു എന്നായിരുന്നു ദി വയറിന്‍ റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ജയ്ഷാ ദി വയറിനെതിരെ 100കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുന്നത്. റിപ്പോര്‍ട്ടിനോടൊപ്പം ഉറച്ചു നിന്ന ദി വയര്‍. കമ്പനി രജിസ്ട്രാറുടെ രേഖകള്‍ ആശ്രയിച്ചാണ്‌ റിപ്പോര്‍ട്ട്‌ എന്ന വിശദീകരണവും മുന്നോട്ടുവച്ചു.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും മുന്നോട്ടുവന്നിരുന്നു. അമിത് ഷാ ബിജെപിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയണം എന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ നിശബ്ദതയെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ