പാരീസ്: പ്രശസ്ത കാളപ്പോര് വിദഗ്ധന്‍ ഇവാന് ഫാന്റിനോ കാളയുടെ കുത്തേറ്റ് മരിച്ചു. ഫ്രാന്‍സിലെ മോണ്ട്-ഡി- മാര്‍സനില്‍ കാളപ്പോരിനിടെയാണ് 36കാരനായ ഫാന്റിനോയ്ക്ക് കുത്തേറ്റത്. 12 വര്‍ഷമായി കാളപ്പോര് നടത്തുന്ന ഫാന്റിനോ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കാളപ്പോരിനിടെ പ്രത്യേകം പരിശീലിപ്പിച്ച കാള ഫാന്റിനോയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ അദ്ദേഹത്തിന്റെ ശ്വാസകോശത്തിനാണ് സാരമായ പരുക്ക് പറ്റിയത്. ഭാര്യയും ഒരു മകളുമുളള ഫാന്റിനോ സ്പെയിനിലെ ബാസ്ക്ക് സ്വദേശിയാണ്.
നൂറുകണക്കിന് കാളപ്പോരുകളില്‍ പങ്കെടുത്തിട്ടുളള ഫാന്റിനോയെ അപകടം സംഭവിച്ചയുടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. യാത്രാമധ്യേ ആംബുലന്‍സില്‍ വെച്ചു തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
ഫാന്റിനോയെ കാള കൊമ്പില്‍ കോര്‍ത്ത് ആക്രമിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വിദഗ്ധനായ ഫാന്റിനോയ്ക്ക് അപകടം സംഭവിച്ചതിന്റെ ആഘാതത്തിലാണ് അദ്ദേഹത്തിന്റെ ആരാധകരും സുഹൃത്തുക്കളും.
നവമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പടുന്നത്. സംഭവത്തന്റെ ദൃക്സാക്ഷികളില്‍ ചിലരും പൊട്ടിക്കരഞ്ഞു കൊണ്ടാണ് മരണവാര്‍ത്തയോട് പ്രതികരിച്ചത്.