ന്യൂഡല്‍ഹി: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിൽ കൂടുതല്‍ മാനുഷികമായ സമീപനം നിർദേശിച്ച് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. ലഹരി മരുന്ന് ഉപയോഗിക്കുന്നവർക്കും അതിന് അടിമപ്പെട്ടവർക്കും ജയിൽ ശിക്ഷ ഒഴിവാക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തു.
വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ ലഹരി മരുന്ന് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനാണ് മന്ത്രാലയം ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ആശ്രയിക്കുന്നവരേയും ഇരകളായി പരിഗണിക്കണം, ഇവരുടെ ആസക്തി ഇല്ലാതാക്കുന്നതിനായി പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണം, ജയില്‍ ശിക്ഷ ഒഴിവാക്കണം തുടങ്ങിയ ഭേദഗതികളും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം റവന്യൂ വകുപ്പും എൻഡിപിഎസ് നിയമത്തിന്റെ നോഡൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയും ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളോടും വകുപ്പുകളോടും എന്‍ഡിപിഎസ് നിയമത്തിൽ മാറ്റങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും ക്രിമിനൽ കുറ്റമാണ്. നിലവിൽ എന്‍ഡിപിഎസ് നിയമം ലഹരി മരുന്നിനോട് അടിമപ്പെട്ടവര്‍ ചികിത്സയ്ക്കും പുനരധിവാസത്തിനും സന്നദ്ധത അറിയിച്ചാൽ തടവില്‍ നിന്ന് മുക്തി നല്‍കും. തുടര്‍ന്ന് പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയാം. പക്ഷെ ആദ്യമായും വിനോദത്തിനായും ലഹരി മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഇളവുകള്‍ ഇല്ല.
ഉദാഹരണത്തിന് എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷൻ 27 പ്രകാരം ഏതെങ്കിലും ലഹരി മരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരി വസ്തുക്കൾ ഉപയോഗിച്ചാല്‍ ഒരു വർഷം വരെ തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാം. പിഴയ്ക്കും തടവ് ശിക്ഷയ്ക്കും പകരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയും കൗണ്‍സിലിങ്ങും നല്‍കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്.
വളരെ വിഖ്യാതമായ പല കേസുകളിലും സെക്ഷന്‍ 27 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആര്യന് ഖാന് ഉള്‍പ്പെട്ട മുംബൈ ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസാണ്. എൻഡിപിഎസ് നിയമത്തില്‍ ചെറിയ അളവിലുള്ള ലഹരി മരുന്ന് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിലുള്ളതിനേക്കാള്‍ കുറവാണ്. സര്‍ക്കാരിന്റെ പരിധി അനുസരിച്ച് കഞ്ചാവിന്റെ കുറഞ്ഞ അളവ് 100 ഗ്രാമും കൊക്കെയിനിന്റേത് രണ്ട് ഗ്രാമുമാണ്.