ന്യൂഡൽഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ശനിയാഴ്ച റാഞ്ചി വിമാനത്താവളത്തിലാണ് സംഭവം. മറ്റു യാത്രക്കാരെ അപകടത്തിലാക്കും എന്ന് പറഞ്ഞാണ് വിമാനക്കമ്പനി അധികൃതർ യാത്ര അനുവദിക്കാതിരുന്നത് എന്നാണ് പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, അപലപിക്കുകയും വിഷയം താൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണെന്നും പറഞ്ഞു.
“ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ല. ഒരു മനുഷ്യനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടതില്ല!” സംഭവസമയത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പങ്കുവെച്ച വിശദമായ പോസ്റ്റിന് മറുപടിയായി സിന്ധ്യ തിങ്കളാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. “സംഭവം ഞാൻ തന്നെ നേരിട്ട് അന്വേഷിക്കുകയാണ്, ഉചിതമായ നടപടി സ്വീകരിക്കും.” അദ്ദേഹം കുറിച്ചു.
ഞായറാഴ്ച, സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും വിമാനകമ്പനിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പരിഭ്രാന്തനായതിനാൽ കുട്ടിക്ക് വിമാനത്തിൽ കയറാനായില്ലെന്ന് ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഫെയ്‌ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തെത്തിച്ചത്. ഇൻഡിഗോ ജീവനക്കാർ കുട്ടിയോട് ഒരു അനുകമ്പയും കാണിച്ചില്ലെന്ന് പോസ്റ്റിട്ട മനീഷ ഗുപ്ത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“അവരുടെ (ജീവനക്കാരുടെ) മനസ് അത്തരത്തിൽ ക്രമീകരികപ്പെട്ടിരിക്കുകയായിരുന്നു”, സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന മനീഷ ഗുപ്ത പറഞ്ഞു.
Also Read: ജെറ്റ് എയർവേസിന് ആഭ്യന്തര മന്ത്രാലയം സുരക്ഷാ അനുമതി നൽകി