ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും തമ്മിലുളള പരസ്യമായ വഴക്ക് രൂക്ഷമാകുന്നതിനിടെ, തന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിക്കപ്പെട്ടതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുഎസ് ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം ആരോപിച്ചാണ് ട്വിറ്ററിന്റെ നടപടി. ഇതുസംബന്ധിച്ച ട്വിറ്റര്‍ അറിയിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ അക്കൗണ്ടില്‍ മന്ത്രി പങ്കുവച്ചു. മന്ത്രിയുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തെക്കുറിച്ച്, ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമ നോട്ടിസ് പ്രകാരമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അക്കൗണ്ട് ലോക്ക് ചെയ്തുവെന്നാണ് സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.
ഈ സന്ദേശത്തിനു പിന്നാലെ രവിശങ്കര്‍ പ്രസാദിനെ അക്കൗണ്ടിലേക്കു പ്രവേശിക്കാന്‍ ട്വിറ്റര്‍ അനുവദിച്ചു. ഇതുസംബന്ധിച്ച സന്ദേശത്തിന്റെ സ്‌കീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തു.
ട്വിറ്റര്‍ നടപടിയെ നിശിതമായി വിമര്‍ശിച്ച രവിശങ്കര്‍ പ്രസാദ്, ഇത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) 2021 ന്റെ ചട്ടം 4 (8) ന്റെ മൊത്തത്തിലുള്ള ലംഘനമാണെന്ന് പറഞ്ഞു. തന്റെ സ്വന്തം അക്കൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്നതിനുമുമ്പ് തനിക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.