ശ്രീനഗർ: ലഡാക്കിലെ സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരടക്കം ആറുപേർ മരിച്ചു. പട്രോളിങിനിറങ്ങിയ സംഘമായിരുന്നു അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ടുപേർ സൈന്യത്തിനായി ജോലി ചെയ്യുന്ന സിവിലിയൻ പോർട്ടർമാരാണ്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വടക്കൻ സിയാച്ചിനിൽ മഞ്ഞിടിച്ചിലുണ്ടാകുകയായിരുന്നു എന്ന് ശ്രീനഗറിലെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. “എട്ട് പേരടങ്ങുന്ന സൈനിക സംഘം പട്രോളിങിന് ഇറങ്ങിയതായിരുന്നു. ഉയർന്ന ഉയരത്തിലാണ് ഹിമപാതമുണ്ടായത്. പ്രദേശത്ത് താപനില വളരെ കുറവാണ്,” അദ്ദേഹം പറഞ്ഞു.

Read More: സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണു; എട്ട് സൈനികർ മഞ്ഞിൽ കുടുങ്ങി

ഇവരെ കാണാതായതിനെ തുടർന്ന് ഉടൻ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥരെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് രക്ഷിച്ച സൈനികരെ ഹെലികോപ്റ്ററില്‍ സമീപത്തെ സൈനികാശുപത്രിയിലേക്കു മാറ്റി.

കാണാതായ എട്ടുപേരെയും മഞ്ഞുപാളികള്‍ക്കിടയില്‍നിന്ന് കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഏഴ് പേരെ മെഡിക്കൽ സംഘത്തോടൊപ്പം ഹെലികോപ്റ്ററുകൾ വഴി അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ശ്രീനഗർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് പറഞ്ഞു. ഇതിൽ നാല് സൈനികരുടേയും രണ്ട് പോർട്ടർമാരുടേയും നില അതീവ ഗുരുതരമായിരുന്നു.

ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. 2016ൽ സമാനമായി മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ പത്ത് സൈനികരാണ് കുടുങ്ങിയത്. ആറു ദിവസം നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവിൽ ഒരു സൈനികനെ മാത്രമാണ് ജീവനോടെ പുറത്തെത്തിക്കാൻ സാധിച്ചത്, ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹവും മരണപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook