ന്യൂഡൽഹി: പൊലീസിൽനിന്നും രക്ഷപ്പെടാൻ പ്ലാസ്റ്റിക് സർജറി നടത്തിയ കുപ്രസിദ്ധ കാർ മോഷ്ടാവ് ഒടുവിൽ പിടിയിൽ. സൗത്ത് ഡൽഹിയിൽനിന്നാണ് 35 കാരനായ കുണാൽ മഹേശ്വരി പിടിയിലായത്. 4 വർഷത്തിനുശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

ഡൽഹിയിലും സമീപനഗരങ്ങളിൽനിന്നുമായി 100 ലധികം കാറുകളാണ് കുണാൽ മോഷ്ടിച്ചത്. ഇയാൾക്കെതിരെ 62 വാഹന മോഷണ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുന്നതിനുവേണ്ടിയാണ് കാർ മോഷണം നടത്തിയിരുന്നതെന്ന് പിടിയിലായ ഇയാൾ പൊലീസിനോട് പറഞ്ഞു. പൊലീസിൽനിന്നും രക്ഷപ്പെടാനാണ് 4 വർഷങ്ങൾക്കു മുൻപ് താൻ പ്ലാസ്റ്റിക് സർജറി നടത്തിയതെന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചു.

ഇയാളുടെ പക്കൽനിന്നും മോഷ്ടിച്ച 12 കാറുകൾ പൊലീസ് പിടിച്ചെടുത്തു. 2013 ൽ കാർ മോഷണത്തിന്റെ പേരിൽ പൊലീസ് കുണാലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിൽ ഇറങ്ങി. പുറത്തിറങ്ങിയശേഷം 7 മാസത്തിനിടെ 100 ഓളം കാറുകൾ മോഷ്ടിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ