ചെന്നൈ: ഓട്ടോറിക്ഷാ ഡ്രൈവറെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധം പുകയുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് പെട്രോള്‍ വിലയെ കുറിച്ച് സംസാരിച്ചതിനാണ് ഓട്ടോഡ്രൈവറെ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സൈദാപേട്ടില്‍ തമിഴിസൈ മാധ്യമങ്ങളെ കാണുമ്പോഴാണ് സംഭവം നടന്നത്. തമിഴിസൈ സംസാരിക്കുമ്പോഴാണ് പിന്നില്‍ നിന്നിരുന്ന വൃദ്ധനായ ഓട്ടോഡ്രൈവര്‍ എണ്ണ വില വര്‍ധനയെ കുറിച്ച് ചോദിച്ചത്. ചോദ്യം കേട്ട് മാധ്യമങ്ങളെ നോക്കി ചിരിച്ച തമിഴിസൈ എന്നാല്‍ ഓട്ടോ ഡ്രൈവറെ ശ്രദ്ധിച്ചില്ല.

ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവറെ കൈകാര്യം ചെയ്തു. വെളുത്ത വസ്ത്രം ധരിച്ചിരുന്ന ഒരു ബിജെപി പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവറെ മറ്റ് പ്രവര്‍ത്തകര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു. ‘ഒരു മിനുട്ട് അമ്മാ, കേന്ദ്രം പെട്രോള്‍ വില വര്‍ധിപ്പിക്കുകയാണല്ലോ’ എന്നാണ് ഓട്ടോ ഡ്രൈവര്‍ ചോദിച്ചത്. കതിര്‍ എന്നയാളാണ് അക്രമത്തിന് ഇരയായത്. തന്നെ പോലെയുളള നിരവധി പേരാണ് പെട്രോള്‍ വില വര്‍ധനവിനെ തുടര്‍ന്ന് അനുഭവിക്കുന്നതെന്ന് കതിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ ആശങ്ക പങ്കു വെക്കാന്‍ മാത്രമാണ് ശ്രമിച്ചത്. അവരെ പോലൊരു നേതാവിനോട് അല്ലാതെ മറ്റാരോട് ഞാനിത് ചോദിക്കണം. എല്ലാ ദിവസവും ഭക്ഷണത്തിനും മറ്റ് ചെലവിനുമായി 500 രൂപയെങ്കിലും വേണം. എന്നാല്‍ പെട്രോള്‍ വില വര്‍ധിച്ചതോടെ എല്ലാം കഴിഞ്ഞ് വെറും 360 രൂപ മാത്രമാണ് ലഭിക്കുന്നത്’, കതിര്‍ പറഞ്ഞു.

ചെന്നൈയില്‍ പെട്രോള്‍ വില 85.31 രൂപയാണ്.കുഡ്ഢല്ലൂരില്‍ 87.03 രൂപയാണ് പെട്രോള്‍ വില. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് കൈകാര്യം ചെയ്തതെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ബിജെപി നേതാവ് പറഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സംഭവത്തില്‍ തമിഴ്നാട്ടില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook