ചെന്നൈ: അഗ്നിക്കിരയായി കനത്ത നാശനഷ്ടം സംഭവിച്ചതിന് പിന്നാലെ ചെന്നൈ സിൽക്സ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനിച്ചു. മൂന്ന് ദിവസം കൊണ്ട് കെട്ടിടം പൂർണ്ണമായും പൊളിച്ചുനീക്കുമെന്ന് അഗ്നിശമന സേന വ്യക്തമാക്കി.

അഗ്നിക്കിരയായി കെട്ടിടത്തിന്റെ അകത്തെ മൂന്ന് നിലകൾ നിലംപൊത്തിയതിന് പിന്നാലെയാണ് ഈ തീരുമാനം. ചെന്നൈ മെട്രോപൊളിറ്റൻ ഡവലപ്മെന്റ് അതോറിറ്റിയും തമിഴ്നാട് പൊതുമരാമത്ത് വകുപ്പും അഗ്നിശമന സേനയ്ക്കൊപ്പം കെട്ടിടം പൊളിക്കാനുള്ള പ്രവർത്തനത്തിൽ പങ്കാളികളാകും. 85 പേർ ചേർന്നാണ് ഇപ്പോൾ കെട്ടിടം പൊളിക്കുന്നത്.

അതേസമയം കെട്ടിടത്തിൽ നിന്ന് വൻതോതിൽ പൊടി ഉയരുന്നത് ജോലിക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് തടയുന്നതിന് നിരന്തരം വെള്ളം ഒഴിച്ചുകൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ ആന്തരിക ഭാഗങ്ങൾ ഭൂരിഭാഗവും താഴെ വീണതിനാൽ കെട്ടിടത്തിന്റെ ശേഷിച്ച ഭാഗമാണ് പൊളിക്കേണ്ടത്.

എന്നാൽ വെള്ളത്തിനുള്ള ക്ഷാമം മൂലം ജോലികൾ ഇഴഞ്ഞുനീങ്ങുകയാണെന്ന വാർത്തകൾ അഗ്നിശമന സേന തള്ളിക്കളഞ്ഞിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് ടിനഗർ, ഉസ്മാൻ റോഡിലെ ചെന്നൈ സിൽക്സിന്റെ ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 24 മണിക്കൂർ പണിപ്പെട്ടിട്ടും തീയണക്കാൻ അഗ്നിശമന സേനയ്ക്ക് സാധിച്ചിരുന്നില്ല. ഇതിനിടെ വ്യാഴാഴ്ച രാവിലെ കെട്ടിടത്തിന്റെ മൂന്ന് നിലകൾ നിലംപൊത്തുകയും ചെയ്തു.

നാല് നിലകൾ മാത്രം പണിയാൻ അനുമതിയുള്ള സ്ഥലത്ത് ചെന്നൈ സിൽക്സിന്റെ കെട്ടിടം അനധികൃതമായാണ് നിർമ്മിച്ചതെന്ന് നഗരസഭ അധികൃതർ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ അനധികൃത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വാദം പൂർത്തിയാക്കാൻ മദ്രാസ് ഹൈക്കോടതിയും തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ