ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത് കഴുത്തിലും അടിവയറ്റിലും. പടിഞ്ഞാറൻ ന്യൂയോർക്കിൽ പൊതുചടങ്ങിൽ പ്രസംഗിക്കവേ വേദിയിലേക്ക് പാഞ്ഞെത്തിയ ഒരാൾ എഴുത്തുകാരനെ ആക്രമിക്കുകയായിരുന്നു. സ്റ്റേജിൽ വച്ചുതന്നെ അദ്ദേഹത്തിനു പ്രഥമ ശ്രുശ്രൂഷ നൽകി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്. തുടർന്ന് റുഷ്ദിയെ (75) ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ റുഷ്ദി വെന്റിലേറ്ററിലാണെന്നും, കരൾ തകരാറിലാണെന്നും, കൈയിലെ ഞരമ്പുകൾ മുറിഞ്ഞെന്നും, ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈലി പറഞ്ഞു.
ന്യൂജഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണ് റുഷ്ദിയെ ആക്രമിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സംഭവസ്ഥലത്ത് വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റുഷ്ദിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് സ്റ്റേറ്റ് പൊലീസ് മേജർ യൂജിൻ സ്റ്റാനിസെവ്സ്കി പറഞ്ഞു.
ഇവന്റ് മോഡറേറ്റർ ഹെൻറി റീസും (73) ആക്രമിക്കപ്പെട്ടു. റീസിന് മുഖത്ത് പരുക്കേറ്റു. ചികിത്സ നൽകിയശേഷം അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായി പൊലീസ് പറഞ്ഞു. എഴുത്തുകാർക്കും കലാപ്രവർത്തകർക്കും അഭയം നൽകുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച് അദ്ദേഹവും റുഷ്ദിയും ചർച്ച ചെയ്യുമ്പോഴായിരുന്നു ആക്രമണം. റുഷ്ദിക്കെതിരെ കാലങ്ങളായി ഭീഷണിയും അദ്ദേഹത്തെ കൊല്ലുന്നവർക്ക് 3 മില്യൺ ഡോളറിലധികം പാരിതോഷികവും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ, എന്തുകൊണ്ട് പരിപാടിക്ക് കർശനമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
അക്രമി സ്റ്റേജിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ റുഷ്ദി ആക്രമിക്കപ്പെടുകയാണെന്ന് ബോധ്യമായെന്ന് സദസ്സിലുണ്ടായിരുന്ന ഏകദേശം 2,500 ആളുകളിൽ ഒരാളായ റാബി ചാൾസ് സേവനർ പറഞ്ഞു. ആക്രമണം 20 സെക്കൻഡോളം നീണ്ടുനിന്നതായി അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രവും കറുത്ത മാസ്കും അക്രമി ധരിച്ചിരുന്നതായി മറ്റൊരാളായ ഖാഥീൻ ജെയിംസ് പറഞ്ഞു.
അപലപിച്ച് ലോകം
ലോകമെമ്പാടുമുള്ള എഴുത്തുകാരും ആക്ടിവിസ്റ്റുകളും സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ചു. ആക്രമണത്തെ കുറിച്ച് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്നും റുഷ്ദി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇന്ത്യൻ എഴുത്തുകാരൻ അമിതാവ് ഘോഷ് ട്വിറ്ററിൽ കുറിച്ചു.
ബംഗ്ലാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്‌ലിമ നസ്രീൻ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതിനാൽ ഇസ്‌ലാമിനെ വിമർശിക്കുന്ന ആരും ആക്രമിക്കപ്പെടാമെന്ന് അവർ പറഞ്ഞു.
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ റുഷ്ദിക്കെതിരായ “ക്രൂരമായ ആക്രമണത്തെ” അപലപിച്ചു.
1980കളില്‍ റുഷ്ദി ഇറാനില്‍നിന്നു വധഭീഷണി നേരിട്ടിരുന്നു. ദൈവനിന്ദ ആരോപിച്ച് റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
”അതെ ഞാൻ വീണ്ടും ‘സാത്താനിക് വേഴ്‌സസ്’ എഴുതും,” 2013 ജനുവരിയിൽ ദി ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ഐഡിയ എക്സ്ചേഞ്ചിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞതാണിത്. പുസ്തകം ഇഷ്‌ടപ്പെടാത്ത ആളുകൾ പറയുന്നത് കേൾക്കുന്നത് നിർത്തേണ്ട സമയമാണിത്, പക്ഷേ അത് ഇഷ്ടപ്പെട്ടവർ പറയുന്നത് കേൾക്കുക. വേണ്ടത്ര ആളുകൾ ശ്രദ്ധിച്ചാൽ പുസ്തകങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സാത്താനിക് വേഴ്‌സസ്’ പുസ്തകം നിരോധിച്ച ആദ്യ രാജ്യം ഇന്ത്യയായിരുന്നു. “ഇന്ത്യ സാത്താനിക് വേഴ്‌സസ് നിരോധിച്ചപ്പോൾ ഞാൻ അസ്വസ്ഥനായിരുന്നു. നന്ദി, ഈ യുഗത്തിൽ നിങ്ങൾക്ക് പുസ്തകങ്ങൾ നിരോധിക്കാൻ കഴിയില്ല, കാരണം നിങ്ങൾക്ക് അവ ഡൗൺലോഡ് ചെയ്യാം,” അദ്ദേഹം പറഞ്ഞു.
മുംബൈയിലാണ് റുഷ്ദി ജനിച്ചത്. 1988 ൽ ഇറങ്ങിയ അദ്ദേഹത്തിന്റെ നാലാമത്തെ നോവലായ ‘സാത്താനിക് വേഴ്സസസ്’ ആണ് വിവാദമായത്. പ്രവാചകനിന്ദ ആരോപിച്ച് ഇറാനിൽ പുസ്തകം നിരോധിക്കുകയും പിറ്റേവർഷം റുഷ്ദിയെ വധിക്കാൻ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിക്കുകയും ചെയ്തു. വധഭീഷണിയെതുടർന്ന് റുഷ്ദി 9 വർഷം ബ്രിട്ടനിൽ ഒളിവിൽ കഴിഞ്ഞു. കഴിഞ്ഞ 20 വർഷമായി ന്യൂയോർക്കിലാണു അദ്ദേഹം താമസിക്കുന്നത്.