ന്യൂയോര്‍ക്ക്: ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ അമേരിക്കയില്‍ ആക്രമണം. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ പ്രഭാഷണവേദിയിലാണ് എഴുപത്തി അഞ്ചുകാരനായ റുഷ്ദി ആക്രമിക്കപ്പെട്ടത്.
ഷടാക്വാ ഇന്‍സ്റ്റിറ്റ്യൂഷനിലെ വേദിയില്‍ റുഷ്ദി പ്രഭാഷണം നടത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു സംഭവം. റുഷ്ദിയെ പരിചയപ്പെടുത്തുന്നതിനിടെ വേദിയിലേക്ക് ഇരച്ചുകയറിയ അക്രമി അദ്ദേഹത്തെ കുത്തുകയായിരുന്നുവെന്നാണ് സംഭവത്തിനു സാക്ഷിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍ പറയുന്നത്.
റുഷ്ദിയെ ഉടനടി ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി പൊലീസ് അറിയിച്ചു. എന്നാൽ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറുകണക്കിനുപേർ സദസിലുണ്ടായിരിക്കെയായിരുന്നു ആക്രമണം.
1980കളില്‍ റുഷ്ദി ഇറാനില്‍നിന്നു വധഭീഷണി നേരിട്ടിരുന്നു. ദൈവനിന്ദ ആരോപിച്ച് റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’എന്ന പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
ഇറാന്റെ അന്തരിച്ച പരമോന്ന നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനി റുഷ്ദിയുടെ വധിക്കാന്‍ ആഹ്വാനം ചെയ്ത് 1999ൽ ഫത്വ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊല്ലുന്നവര്‍ക്ക് ഇറാന്‍ 30 ലക്ഷം ഡോളറാണു പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നത്.
ഖൊമേനിയുടെ ഫത്‌വയില്‍നിന്ന് ഇറാന്‍ സര്‍ക്കാര്‍ വളെരെക്കാലം അകന്നുനെിന്നെങ്കിലും റുഷ്ദിക്കെതിരായ വികാരത്തിനു ശമനമുണ്ടായില്ല. 2012-ല്‍, ഇറാനിലെ ഒരു അര്‍ധ സര്‍ക്കാര്‍ മതസ്ഥാപനം റുഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 28 ലക്ഷം ഡോളറില്‍നിന്ന് 33 ലക്ഷം ഡോളറായി ഉയര്‍ത്തി. പാരിതോഷികത്തില്‍ ആളുകള്‍ താല്‍പ്പര്യപ്പെടുന്നുവെന്നതിനു തെളിവില്ലെന്നു പറഞ്ഞ് വധഭീഷണി റുഷ്ദി ആ സമയത്ത് തള്ളിയിരുന്നു.