സിഡ്നി: ബുര്‍ഖ നിരോധനത്തെ അനുകൂലിച്ച് വേഷത്തെ പരിഹസിക്കാനായി ബുർഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്റ് അംഗത്തിന് ആസ്ട്രേലിയൻ സര്‍ക്കാരിന്റെവിമർശനം. ആസ്ട്രേലിയയിലെ വലതുപക്ഷ പാർട്ടി സെനറ്റർ പൗളിൻ ഹാൻസനാണ് കറുത്ത ബുർഖ ധരിച്ച് പാർലമെന്‍റിലെത്തിയത്. ബുർഖ നിരോധിക്കണം എന്നതായിരുന്നു പൗളിൻ ഹാൻസന്‍റെ ആവശ്യം. പ്രതിഷേധത്തിന് പിന്നാലെ സെനറ്ററെ വിമര്‍ശിച്ച് സര്‍ക്കാരും ജനങ്ങളും രംഗത്തെത്തി.

സഭയില്‍ എത്തിയ ഹാന്‍സന്‍ 20 മിനുട്ടോളം ബുര്‍ഖ ധരിച്ച് തന്റെ സീറ്റില്‍ ഇരുന്നു. പിന്നീട് ബുര്‍ഖ ഊരി മാറ്റിയ സെനറ്റര്‍ വേഷം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നിരോധനത്തിന് ആവശ്യപ്പെടുന്നതെന്നും ഇവര്‍ അറിയിച്ചു.

പാര്‍ലമെന്റില്‍ ധരിച്ച് വരേണ്ട വസ്ത്രം അല്ല ഇതെന്ന് പറഞ്ഞ ഹാന്‍സന്‍ ഇത് ഊരിക്കളയുന്നതില്‍ താന്‍ ആനന്ദിക്കുന്നതായും വ്യക്തമാക്കി. “ഹെല്‍മറ്റോ മറ്റ് മുഖം മൂടുന്ന വസ്തുക്കളോ കൊണ്ട് ബാങ്കില്‍ കയറാന്‍ അനുവദിക്കാറില്ല. ഏതെങ്കിലും സ്ഥാപനത്തിലോ കയറാന്‍ സമ്മതിക്കില്ല. കോടതിയിലും പ്രവേശനം നല്‍കില്ല. അതേസമയം മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധം വേഷം ധരിക്കുന്നവരെ എന്ത്കൊണ്ട് തടയുന്നില്ല എന്നും ഹാന്‍സന്‍ ചോദിച്ചു.

ഹാന്‍സന്റെ പ്രവൃത്തിയെ അറ്റോണി ജനറല്‍ ജോര്‍ജ് ബ്രാന്‍ഡിസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇപ്പോൾ ഭരിക്കുന്ന സർക്കാർ ബുർഖ നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് സെനറ്റ് അംഗങ്ങള്‍ സ്വീകരിച്ചത്. ആസ്ട്രേലിയയിൽ ജീവിക്കുന്ന മുസ്ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനെതിരെ ബ്രാൻഡിസ്, പൗളിൻ ഹാൻസനെ താക്കീതു ചെയ്തു ഒരു സമുദായത്തെ മുഴുവന്‍ അവഹേളിക്കുകയും അവരുടെ വേഷത്തെ പരിഹസിക്കുകയും ചെയ്യുന്നതിലൂടെ ഹാന്‍സന്‍ സ്വയം ചെറുതായെന്ന് ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയ ഉപാദ്ധ്യക്ഷന്‍ അദെല്‍ സല്‍മാന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ