ന്യൂഡൽഹി: ഇന്ത്യയിൽ കാമ്പസ് തുറക്കുന്ന ആദ്യ വിദേശ സർവകലാശാലയാവാൻ ഓസ്‌ട്രേലിയയിലെ ഡീക്കൻ യൂണിവേഴ്‌സിറ്റി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലാണു സ്വതന്ത്ര ഓഫ്ഫോർ കാമ്പസ് തുറക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്‌പ്രസിനു വിവരം ലഭിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി നോർമൻ അൽബനീസിന്റെ അഹമ്മദാബാദ് സന്ദർശന വേളയിൽ മാർച്ച് എട്ടിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 266-ാം സ്ഥാനത്തുള്ള ഡീക്കൻ, ലോകത്തിലെ മികച്ച 50 സർവകലാശാലകളിൽ ഒന്നാണ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് റാങ്കിംഗിൽ 250- 300 ബാൻഡിലാണ് സർവകലാശാലയുടെ സ്ഥാനം. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കാണ് ഗുജറാത്ത് കാമ്പസിൽ ആദ്യഘട്ടത്തിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുക.
ലോകത്തിലെ ഏറ്റവും മികച്ച 300 കാമ്പസുകളിൽ ഇടംപിടിച്ച രണ്ട് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിൽ സ്വതന്ത്ര ഓഫ്‌ഷോർ കാമ്പസുകൾ സ്ഥാപിക്കുന്നതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിതായി ദി സൺഡേ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഗാന്ധിനഗറിനടുത്തുള്ള ഗിഫ്റ്റ് സിറ്റി(ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക്-സിറ്റി)യിൽ സ്വതന്ത്ര “ഇന്റർനാഷണൽ ബ്രാഞ്ച് കാമ്പസുകൾ” സ്ഥാപിക്കുന്നതിനായി രണ്ടു സ്ഥാപനങ്ങളും ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയുമായി (ഐ എഫ് എസ് സി എ)ചർച്ച നടത്തിയിരുന്നു.
ഗിഫ്റ്റ് സിറ്റി വഴി ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ വിദേശ സർവകലാശാലകളെ അനുവദിക്കുന്നതിനുള്ള നിയമങ്ങൾ ഐ എഫ് എസ് സി എ (ഗിഫ്റ്റ് സിറ്റി റെഗുലേറ്റർ) രൂപീകരിച്ച് നാലു മാസത്തിനു ശേഷമായിരുന്നു ഈ നീക്കം.
ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിൻടെക്, സയൻസ്, ടെക്‌നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്‌സ് എന്നീ കോഴ്‌സുകൾ “ആഭ്യന്തര നിയന്ത്രണങ്ങളിൽനിന്ന് മുക്തമായി” നൽകാൻ ലോകോത്തര വിദേശ സർവകലാശാലകളെയും സ്ഥാപനങ്ങളെയും ഗിഫ്റ്റ് സിറ്റിയിൽ അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
വ്യാഴാഴ്ചയാണ് ഐ എഫ് എസ് സി എ വിദേശ സർവകലാശാലകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. “ഞങ്ങൾ അടുത്തിടെ അപേക്ഷാ ഫോം വിജ്ഞാപനം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള രണ്ടു സർവകലാശാലകളും ഇതിനായി രൂപീകരിച്ച വിദ്യാഭ്യാസ വിദഗ്‌ധരുടെ വിദഗ്ധ സമിതിയുമായി ചർച്ച നടത്തിവരികയാണ്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി സൺഡേ എക്‌സ്‌പ്രസിനോട് പറഞ്ഞു.
“ഇന്ത്യയിൽ കാമ്പസ് സ്ഥാപിക്കുന്നത് അവർക്ക് (രണ്ട് സർവകലാശാലകൾ) ഗുണകരമാണ്, കാരണം ഇതിനകം തന്നെ രാജ്യത്തുനിന്നുള്ള വിദ്യാർത്ഥികളുടെ ഏറ്റവും ഉയർന്ന സാന്നിധ്യം അവർക്കുണ്ട്,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
2022ൽ ഈ രണ്ടു ഓസ്‌ട്രേലിയൻ സർവകലാശാലകളിലും വിദേശ വിദ്യാർഥികളിലെ ഏറ്റവും വലിയ കൂട്ടമായി ഇന്ത്യൻ വിദ്യാർഥികൾ മാറിയിരുന്നു. അവരുടെ കാമ്പസുകളിലെ വിദേശ വിദ്യാർത്ഥികളുടെ എൻറോൾമെന്റിന്റെ നാലിലൊന്നിനെയെങ്കിലും പ്രതിനിധീകരിക്കുകയും ചെയ്തു.
ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു ജി സി)ചട്ടങ്ങൾ തയാറാക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയൻ സർവകലാശാലകൾ ഈ താൽപ്പര്യം പ്രകടിപ്പിച്ചത്. ഗിഫ്റ്റ് സിറ്റിയിലേത് ഒഴികെയുള്ള അത്തരം സാധ്യതയുള്ള എല്ലാ പ്രോജക്റ്റുകൾക്കും യു ജി സി നിയമങ്ങൾ ബാധകമായിരിക്കും. ഐ എഫ് എസ് സി എ മാർഗനിർദ്ദേശങ്ങൾ മാത്രമാണു ഗിഫ്റ്റ് സിറ്റിക്കു ബാധകം. ന്യൂസിലൻഡിലെയും യൂറോപ്പിലെയും സർവകലാശാലകളുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നു യു ജി സി ചെയർമാൻ എം.ജഗദേഷ് കുമാർ കഴിഞ്ഞയാഴ്ച ദി സൺഡേ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു.
അതേസമയം, ഗിഫ്റ്റ് സിറ്റിയിലെ വിദേശ സർവകലാശാലകളുടെ കാമ്പസുകൾ വാഗ്ദാനം ചെയ്യുന്ന കോഴ്സുകളോ പ്രോഗ്രാമുകളും അവർ ഓസ്ട്രേലിയയിൽ വാഗ്ദാനം ചെയ്യുന്ന കോഴ്സുകളും പ്രോഗ്രാമുകളും എല്ലാ അർത്ഥത്തിലും ഒരുപോലെയായിരിക്കുമെന്ന് ഐ എഫ് എസ് സി എ വിജ്ഞാപനം ചെയ്ത ചട്ടം അടിവരയിടുന്നു.
ബിരുദം, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ എന്നിവയും സമാനമായിരിക്കണമെന്നു ചട്ടങ്ങൾ പറയുന്നു. ഇവയും “അവരുടെ മാതൃസ്ഥാപനത്തിന് അവരുടെ അധികാരപരിധിയിൽ ലഭിക്കുന്ന അതേ അംഗീകാരവും പദവിയും അവർക്ക് ഇവിടെ ആസ്വദിക്കാൻ കഴിയും”.
ഗിഫ്റ്റ് സിറ്റിയിൽ അവർ സ്ഥാപിച്ച കാമ്പസുകളിൽനിന്നുള്ള ലാഭം സ്വദേശത്തേക്കു കൊണ്ടുപോകാനും ചട്ടം അനുവദിക്കുന്നു. 2020 ജൂലൈയിൽ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ വിദേശ സർവകലാശാലകളുടെ പ്രവേശനത്തിനുള്ള പ്രതിജ്ഞാബദ്ധത എൻഡിഎ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും,ഈ ആശയം 1990കളിൽ നിന്നുള്ളതാണ്.
രാജ്യത്തെ വിദേശ സർവകലാശാലകളുടെ പ്രവേശനത്തിനും പ്രവർത്തനത്തിനും നിയന്ത്രണത്തിനും നിയമനിർമ്മാണം നടത്താൻ മുൻകാലങ്ങളിൽ സർക്കാരുകൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1995ൽ ഒരു ബിൽ അവതരിപ്പിച്ചെങ്കിലും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല.2005-2006ൽ നിയമത്തിന്റെ കരട് മന്ത്രിസഭാ ഘട്ടം വരെ മാത്രമേ എത്തിയുള്ളൂ.
2010ൽ രണ്ടാം യുപിഎ സർക്കാർ നടത്തിയ വിദേശ വിദ്യാഭ്യാസ സ്ഥാപന ബില്ലിന്റെ രൂപത്തിലായിരുന്നു അവസാന ശ്രമം. എന്നാൽ അതു പാർലമെന്റിൽ പാസാക്കുന്നതിൽ പരാജയപ്പെടുകയും ബിജെപിയും ഇടതുപക്ഷവും സമാജ്‌വാദി പാർട്ടിയും എതിർത്തതിനെത്തുടർന്ന് 2014ൽ അസാധുവാക്കുകയും ചെയ്തു.