മെൽബൺ: ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ ഭരണകൂടം. 14 ദിവസമെങ്കിലും ഇന്ത്യയിൽ ചിലവഴിച്ചവർ തൽക്കാലം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66000ഡോളർ പിഴയോ ശിക്ഷയായി ലഭിക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മെയ് 15 വരെയാണ് വിമാന സര്‍വ്വീസ് റദ്ദ് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസും നീട്ടിവെച്ചിരുന്നു.
നിലവിൽ 9000 ത്തോളം ഓസ്ട്രേലിയൻ പൗരൻമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 600 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങൾ രാജ്യത്തുണ്ട്.
അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയും വിലക്കേര്‍പ്പെടുത്തി. മേയ് നാല് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യയിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രതികരിച്ചു. “പൊതുജനാരോഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ യുഎസിന്റെ നിർണായക സഖ്യകക്ഷിയാണ്. ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകും,” കമല പറഞ്ഞു.