ലോസ് ആഞ്ജല്‍സ്: ബാലസാഹിത്യ കൃതികളിലൂടെ പ്രശസ്തയായ ഓസ്ട്രേലിയന്‍ എഴുത്തുകാരി മെം ഫോക്സിനെ അമേരിക്കയില്‍ വിമനത്താവളത്തില്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. മില്‍വാക്കിയില്‍ ഒരു കോണ്‍ഫറന്‍സിനായി എത്തിയ മെം ഫോക്സിനെ ലോസ് ആഞ്ജല്‍സ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളമാണ് തടഞ്ഞുവെച്ചതെന്ന് ബ്രിട്ടന്‍ മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെന്‍ ലിറ്റില്‍ ഫിംഗേഴ്സ് ആന്റ് ടെന്‍ ലിറ്റില്‍ ടോസ്, പോസം മാജിക് എന്നീ കൃതികളിലൂടെ പ്രസശ്തയായ എഴുത്തുകാരിയാണ് മെം. രണ്ട് മണിക്കൂറോളം തന്നെ ഒരു റൂമില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായി മെം ഓസ്ട്രേലിയന്‍ മാധ്യമങളോട് പ്രതികരിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ ശാരീരികമായി ഉപദ്രവിച്ചത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും ഇനി അമേരിക്കയിലേക്ക് തിരിച്ചുവരേണ്ടെന്ന് ഒരുനിമിഷം ചിന്തിച്ചു പോയെന്നും അവര്‍ പറഞ്ഞു. താന്‍ ആകെ തകര്‍ന്ന് പോയെന്നും ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു കുട്ടിയെ പോലെ താന്‍ തേങ്ങിപ്പോയെന്നും മെം ഫോക്സ് പ്രതികരിച്ചു.

116 തവണ അമേരിക്കയില്‍ പോയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ഇത് ആദ്യമായിട്ടാണെന്ന് അവര്‍ പറഞ്ഞു. ഫോക്സിന്റെ പരാതിയെത്തുടര്‍ന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഫോക്സിനോട് ക്ഷമാപണം നടത്തിയിട്ടുണ്ട്.

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മകനെ ഫ്ലോറിഡ വിമാനത്താവളത്തിൽ രണ്ടു മണിക്കൂർ ചോദ്യം ചെയ്തത് വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവവും. ജമൈകയിൽ നിന്ന് മടങ്ങുകയായിരുന്ന മുഹമ്മദ് അലി ജൂനിയറിനെയാണ് അറബിക് പേര് കാരണം പൊലീസ് ചോദ്യം ചെയ്തതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫോർട്ട് ലോഡെർഡേൽ അന്താരാഷട്ര വിമാനത്താവളത്തിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. ഫിലാഡൽഫിയയിലെ ജനിച്ച മുഹമ്മദ് അലി ജൂനിയറിന് അമേരിക്കൻ പാസ്പോർട്ടുണ്ട്. മുഹമ്മദലിയുടെ രണ്ടാം ഭാര്യ ഖലീല കമോചോ അലിയുടെ മകനാണ് മുഹമ്മദ് അലി ജൂനിയർ. ഖലീലയും മകനൊപ്പം വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. മുഹമ്മദലിക്കൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോഴാണ് ഖലീലയെ അധികൃതർ വിട്ടയച്ചത്. എന്നാൽ അലി ജൂനിയറിൻെറ കയ്യിൽ സമാനമായ ഫോട്ടോ ഒന്നും ഇല്ലായിരുന്നു. നിങ്ങൾക്ക് എവിടെ നിന്നാണ് നിങ്ങളുടെ പേര് കിട്ടിയതെന്നും താങ്കൾ മുസ്ലിം ആണോ എന്നും തുടർച്ചയായി ഉദ്യോഗസ്ഥർ ചോദിച്ചുവത്രെ. ഇവരുടെ സുഹൃത്തും അഭിഭാഷകനുമായ ക്രിസ് മാൻസീനിയാണ് അമേരിക്കൻ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ