തികച്ചും യാദൃശ്ചികമായിരുന്നു ആ രക്ഷപ്പെടല്‍. അതും ഒന്നല്ല, മൂന്നു തവണ. ലോകത്തെ ഞെട്ടിച്ച മൂന്നു ഭീകരാക്രമണങ്ങളില്‍നിന്നാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ ജൂലിയ മൊണാകോ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ‘ദൈവത്തിന്റെ ഇടപെടലിനു’ നന്ദി യെന്നാണ് ജൂലിയ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം ബാഴ്സലോണയിലെ ലാസ് റാംബ്ലാസ് അവന്യുവില്‍ ഷോപ്പിങ് നടത്തുന്നതിനിടെയാണ് ജൂലിയ മരണത്തിന്റെ പിടിയില്‍ നിന്ന് മൂന്നാമതും രക്ഷപെട്ടത്. ആളുകള്‍ക്കിടയിലേക്ക് വെളള നിറത്തിലുളള വാന്‍ ഇടിച്ചുകയറ്റുമ്പോള്‍ സമീപത്തെ ഷോപ്പില്‍ നിന്ന് ടീ ഷര്‍ട്ട് വാങ്ങുകയായിരുന്നു ജൂലിയ. ചുറ്റും നിലവിളികള്‍ ഉയരവെ രക്ഷപെട്ടോടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

നേരത്തേ ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതും യാദൃശ്ചികം മാത്രം. അന്നും ട്വിറ്ററിലൂടെയാണ് ജൂലിയ രക്ഷപെടലിന്റെ കഥകള്‍ പങ്കുവച്ചിരുന്നു. ജൂണ്‍ മൂന്നിന് ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടന്ന സമയത്ത് ജൂലിയ ലണ്ടനില്‍ ഉണ്ടായിരുന്നു. ജനക്കൂട്ടത്തിന് ഇടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയ ശേഷം ചാവേറുകള്‍ കത്തികൊണ്ട് ജനങ്ങളെ കുത്തിവീഴ്ത്തി.

ദിവസങ്ങള്‍ക്കകം പാരീസിലെ നോത്രദാം കത്തീഡ്രലില്‍ പോലീസുകാര്‍ക്ക് നേരെയും വിനോദ സഞ്ചാരികള്‍ക്ക് നേരെയും ഒരാള്‍ ആക്രമണം നടത്തുമ്പോഴും ജൂലിയ സമീപത്ത് ഉണ്ടായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത് ജൂലിയ ഇന്നും ഭീതിയോടെയാണ് ഓര്‍ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ