ന്യൂസിലൻഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തി വിവാദത്തില്‍ അകപ്പെട്ട ഓസ്ട്രേലിയൻ സെനറ്റര്‍ ഫ്രൈസര്‍ ആനിങ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കൗമാരക്കാരന്‍ മുട്ടകൊണ്ട് അടിച്ചതിന്റെ വീഡിയോ വൈറലായതോടെയായിരുന്നു ആനിങ്ങിനെതിരെ അന്ന് പ്രതിഷേധം ഉയര്‍ന്നത്.

ക്യൂൻസ് ലാൻഡ് സെനറ്ററും വലതുപക്ഷ നേതാവുമായിരുന്ന ഫ്രൈസർ ആനിങ് ആണ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയതിന് പ്രതിഷേധം നേരിട്ടത്.

മെൽബണിൽ പത്രസമ്മേളനത്തിനിടെ 17 വയസുകാരൻ ആനിങ്ങിന്റെ തലയിൽ ഒരു മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു. ഇതേ തുടർന്ന് ദേഷ്യത്തിലായ സെനറ്റർ കൗമാരക്കാരനായ വില്‍ കൊണോലിനെ അടിച്ചു. ഇതിനകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും പിടിച്ചുമാറ്റി. കുട്ടിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. രാജ്യത്ത് മുസ്‌ലിം കുടിയേറ്റത്തിന്റെ ഫലമാണ് ആക്രമണം നടന്നതെന്നാണ് ഇയാൾ പ്രസ്താവിച്ചത്.

‘ഹീറോ ഓഫ് ദ വീക്ക്’ എന്നാണ് കൗമാരക്കാരനെ കുറിച്ച് സോഷ്യൽ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നത്. മുതിര്‍ന്നവര്‍ പ്രതികരിക്കാതിരുന്ന സംഭവത്തില്‍ ‘എഗ് ബോയ്’ വിലയേറിയ പ്രതികരണമാണ് നടത്തിയതെന്നാണ് പലരും ട്വീറ്റ് ചെയ്തത്. ദേശീയ ഹീറോ ആയാണ് 17കാരനെ പലരും പുകഴ്ത്തിയത്. ഓസ്ട്രേലിയയിലെ ഉന്നത പുരസ്കാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 17കാരന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പ്രചാരണവും നടന്നിരുന്നു.

ആനിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ വ്യാപകമായ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വെളുത്തവര്‍ക്ക് മാത്രം കുടിയേറ്റം നടത്താന്‍ അനുമതി നല്‍കിയാല്‍ മതിയെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായി. ഇദ്ദേഹത്തെ ഈ യടുത്താണ് വണ്‍ നാഷന്‌‍ പാര്‍ട്ടി സെനറ്റര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നീട് കണ്‍സര്‍വേറ്റീവ് നാഷണല്‍ പാര്‍ട്ടി ഉണ്ടാക്കി മത്സരിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook