സിഡ്നി: ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റണിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനം കഴിഞ്ഞ് കുറച്ച് ദിവസം മുമ്പാണ് പീറ്റർ ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയത്. അമേരിക്കൻ സന്ദർശനത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ ഉപദേശക സമിതി അംഗവുമായ ഇവാൻക ട്രംപിനെയും യുഎസ് അറ്റോർണി ജനറൽ വില്യം ബാറിനെയും പീറ്റർ സന്ദർശിച്ചിരുന്നു. ഇത് അമേരിക്കയെയും ആശങ്കയിലാക്കുന്നുണ്ട്.

മാർച്ച് ആറിനാണ് ഇവാൻക ട്രംപിനെ പീറ്റർ ഡറ്റൺ സന്ദർശിച്ചത്. വാഷിങ്ടണിലെ ഓസ്ട്രേലിയൻ എംബസി ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഫൊട്ടോയും ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇവാൻക ട്രംപിന് പുറമെ ബ്രിട്ടൺ, അമേരിക്ക, കാനഡ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായും പീറ്റർ ഡറ്റൺ കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read: കൊറോണ കാലത്ത് ഹസ്തദാനം വേണ്ട, കൈകൾ കൂപ്പി ലോകനേതാക്കൾ

മന്ത്രി തന്നെയാണ് തനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച് ജനങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ചെറിയ പനിയും തൊണ്ടവേദനയുമായാണ് എഴുന്നേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇപ്പോള്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പീറ്റര്‍ ഡറ്റൺ ട്വിറ്ററിൽ കുറിച്ചു.

ക്വീന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡറ്റണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അദ്ദേഹം പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

ഓസ്ട്രേലിയയിലും അതിവേഗം പടർന്നു പിടിച്ച കൊറോണ വൈറസ് ഇതുവരെ മൂന്ന് പേരുടെ ജീവനാണെടുത്തത്. നൂറിലധികം ആളുകളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും നടിയും ഭാര്യയുമായ റിറ്റ വില്‍സണും ഓസ്ട്രേലിയയിലാണ് ചികിത്സയിലുള്ളത്.

Also Read: തൃശൂരിലെ കൊറോണ ബാധിതൻ ഒരു വിവാഹത്തിൽ പങ്കെടുത്തു

അതേസമയം, ലോകത്താകമാനം കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 5000 കടന്നു. കഴിഞ്ഞ വർഷം അവസാനം ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത്. അതിവേഗം ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് വ്യാപിച്ച കൊറോണ വൈറസ് നൂറിലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. ചൈനയിൽ തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook