/indian-express-malayalam/media/media_files/uploads/2021/08/Joe-biden-2.jpg)
വാഷിങ്ടൺ: ഓസ്‌ട്രേലിയയും ബ്രിട്ടനുമായുള്ള പുതിയ ത്രിരാഷ്ട്ര സുരക്ഷാ പങ്കാളിത്തത്തിലേക്ക് ഇന്ത്യയെയോ ജപ്പാനെയോ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമാക്കി യുഎസ്. തന്ത്രപ്രധാനമായ ഇന്തോ-പസഫിക് മേഖലയിലെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികൾ നേരിടാൻ വേണ്ടിയെന്ന പേരിലാണ് യുഎസ്, ഓസ്ട്രേലിയ, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചത്.
സെപ്റ്റംബർ 15 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എന്നിവർ സംയുക്തമായി ത്രിരാഷ്ട്ര സുരക്ഷാ സഖ്യം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. എയുകെയുഎസ് (ഓസ്ട്രേലിയ-യുകെ-യുഎസ്) സഖ്യം എന്ന പേരിലാണ് ഈ ത്രിരാഷ്ട്ര സഖ്യം അറിയപ്പെടുന്നത്.
ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട സഖ്യത്തിൽ മറ്റാരും ഉണ്ടായിരിക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ബുധനാഴ്ച തന്റെ പ്രതിദിന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read More: മോദി-ബൈഡൻ കൂടിക്കാഴ്ച; ഭീകര വിരുദ്ധ നടപടികൾ ചർച്ചയാവും
ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഈയാഴ്ച വാഷിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പുതിയ സുരക്ഷാ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സാകി.
ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഖ്യമാണ് ക്വാഡ്. യുഎസ് പ്രസിഡന്റ് ജോ ബിഡൻ സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ ചേരുന്ന ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. വിർച്വൽ കോൺഫറൻസ് വഴിയല്ലാതെ നേരിട്ട് പ്രതിനിധികൾ പങ്കെടുക്കുന്ന ആദ്യ ക്വാഡ് ഉച്ചകോടിയാണ് ഇത്.
ത്രിരാഷ്ട്ര സുരക്ഷാ സഖ്യമായ എയുകെയുഎസ് , ഇന്തോ-പസഫിക്കിൽ ചൈനയെ നേരിടാനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ ആദ്യമായി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ വികസിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഓസ്ട്രേലിയയ്ക്ക് യുഎസും യുകെയും നൽകും.
ത്രിതല സഖ്യത്തെ ചൈന നിശിതമായി വിമർശിച്ചിരുന്നു. അത്തരം ഏകപക്ഷീയ സംഘങ്ങൾക്ക് ഭാവിയില്ലെന്നും പ്രാദേശിക സുസ്ഥിരതയെ അത് ഗുരുതരമായി ദുർബലപ്പെടുത്തുമെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു. ആയുധ മത്സരത്തെ കൂടുതൽ വഷളാക്കുമെന്നും അന്താരാഷ്ട്ര ആയുധ നിർവ്യാപന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചൈന പറഞ്ഞിരുന്നു.
Read More: സാർക്ക്: താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാൻ; മന്ത്രിമാരുടെ യോഗം റദ്ദാക്കി
ഈ നീക്കം യുഎസിന്റെ യൂറോപ്യൻ സഖ്യകക്ഷിയായ ഫ്രാൻസിനെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇത് “പിന്നിൽ നിന്ന് കുത്തൽ” ആണെന്ന് പറഞ് ഫ്രാൻസ് സഖ്യത്തിൽ തങ്ങളുടെ രോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എയുകെയുഎസ് സുരക്ഷാ കരാർ പ്രഖ്യാപിച്ചതിന് ശേഷം യുഎസിലെയും ഓസ്‌ട്രേലിയയിലെയും അംബാസഡറെ ഫ്രാൻസ് തിരിച്ചുവിളിച്ചു. ഓസ്ട്രേലിയയ്ക്കായി പരമ്പരാഗത അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള ലാഭകരമായ കരാറും ഫ്രാൻസിന് നഷ്ടമായി.
അതേസമയം, ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബുധനാഴ്ച ചർച്ച നടത്തിയിരുന്നു.
ആത്മവിശ്വാസം ഉറപ്പുവരുത്തുന്നതിനും പൊതുവായ ലക്ഷ്യങ്ങൾക്കായുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആഴത്തിലുള്ള കൂടിയാലോചനകളുടെ ഒരു പ്രക്രിയ ആരംഭിക്കാൻ ബിഡനും മാക്രോണും തീരുമാനിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us