ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച കോവാക്സിനെടുത്തവർക്കും ഇനി ഓസ്ട്രേലിയയിലേക്കു യാത്ര ചെയ്യാം. യാത്രക്കാരുടെ വാക്സിനേഷന് സ്ഥിതി ഉറപ്പിക്കുന്ന കാര്യത്തില്‍ കോവാക്സിനെ ‘അംഗീകൃത’ വാക്സിനായി പരിഗണിക്കുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സിന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ അംഗീകാരം ഇനിയും ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഓസ്ട്രേലിലയുടെ തീരുമാനം. വാക്സിന് സംബന്ധിച്ച് ഭാരത് ബയോടെക്കില്‍നിന്ന് ഡബ്ല്യുഎച്ച്ഒ കഴിഞ്ഞ തിങ്കളാഴ്ച തേടിയിരുന്നു.
”ഈ വാക്സിനുകള്‍ സംരക്ഷണം നല്‍കുകമെന്നും വരുന്ന യാത്രക്കാരന് ഓസ്ട്രേലിയയില്‍ ആയിരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കു കോവിഡ്-19 അണുബാധ പകരാനോ വൈറസ് മൂലം ഗുരുതരാവസ്ഥയിലാകാനോ ഉള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കുന്ന അധിക വിവരങ്ങള്‍ സമീപ ആഴ്ചകളില്‍ ലഭിച്ചിട്ടുണ്ട്. വാക്സിന് സ്പോണ്‍സറില്‍നിന്നോ ലോകാരോഗ്യ സംഘടനയില്‍നിന്നോ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്,” വാക്സിനുകളെ നിയന്ത്രിക്കുകയും അനുതി നല്‍കുകയും ചെയ്യുന്ന ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തെറാപ്പിറ്റിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന് (ടിജിഎ) പ്രസ്താവനയില്‍ അറിയിച്ചു.
Also Read: രാജ്യത്ത് 12,514 പേര്‍ക്ക് കോവിഡ്; 251 മരണം
”മുന്‍പ് അനുമതി നല്കിയ കൊറോണവാക് (സിനോവാക്ക്, ചൈന), കോവിഷീല്‍ഡ് (സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) എന്നിവയ്ക്കൊപ്പം കോവാക്സിന്, ബിബിഐബിബി-കോര്‍വി (ചൈന) എന്നിവയ്ക്കുള്ള അംഗീകാരം നമ്മുടെ മേഖലയിലെ മറ്റു രാജ്യങ്ങളില്നിന്നുള്ളവരെപ്പോലെ ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാരെ ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനത്തില്‍ പൂര്‍ണമായി വാക്സിനേഷന് എടുത്തവരായി കണക്കാക്കും. ഇത് ഓസ്ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാര്‍ഥികള്‍, വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ എന്നിവരുടെ തിരിച്ചുവരവിനു കാര്യമായ സ്വാധീനം ചെലുത്തും,” ടിജിഎ വ്യക്തമാക്കി.
കോവാക്സിന്റെ അംഗീകാരം സംബന്ധിച്ച അന്തിമ വിലയിരുത്തലിനായി ഡബ്ല്യുഎച്ചഒയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിങ് (ഇയുഎല്‍) സംബന്ധിച്ച സാങ്കേതിക ഉപദേശക സംഘം (ടിഎജി) യോഗം ചേരുന്നതിനു രണ്ടു ദിവസം മുമ്പാണ് ഓസ്ട്രേലിയയുടെ തീരുമാനം വന്നിരിക്കുന്നത്. കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍നിന്ന് ടിഎജി കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു.