മെൽബൺ: പീഡനവീരൻമാരെ പൂട്ടാൻ ഓസ്ട്രേലിയൻ സർക്കാർ ഒരുങ്ങുന്നു. പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്കോ, വിചാരണ നേരിടുന്നവർക്കോ ഇനി ഓസ്ട്രേലിയ വിടാൻ സാധിക്കില്ല. ഓസ്ട്രേലിയൻ പാർലമെന്രാണ് ഇത്തരത്തിലുള്ളൊരു നിയമം മുന്നോട്ട് വച്ചത്. നിയമം പ്രാബല്യത്തിൽ വരികയാണ് എങ്കിൽ 20,000 പേർക്ക് ഓസ്ട്രേലിയയിൽ നിന്ന് പുറത്തേക്ക് പോകാൻ ആവില്ല. പിഡനക്കേസുകളിൽ പ്രതികളായ 800 പേരാണ് പോയവർഷം ഓസ്ട്രേലിയയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോയത്. ഈ സാഹചര്യത്തിലാണ് ഇവരെ ആജീവനാന്തം നീരീക്ഷിക്കാൻ ഓസ്ട്രേലിയൻ പാർലമെന്റ് മുന്നോട്ട് വന്നിരിക്കുന്നത്.

ശിക്ഷാ കാലാവധി കഴിഞ്ഞവരായാലും അവരെയെല്ലാം നിരീക്ഷിക്കാൻ ഏജൻസികളെ ചുമതലപ്പെടുത്താനും ഈ നിയമം ശുപാർശ ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽ പോയി ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനാണ് ഈ നിയമമെന്ന് ജസ്റ്റിസ് കീനൻ പറയുന്നു. 3,200 ഓളം പേരെ ഈ നിയമം നേരിട്ട് ബാധിക്കും എന്നാണ് ഓസ്ട്രേലിയൻ സർക്കാർ പറയുന്നത്. ഇതുമൂലം കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരം തടയാനാകുമെന്നും സർക്കാർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ലൈംഗിക അതിക്രമങ്ങൾ തടയാനായി സർക്കാർ കൊണ്ടു വന്ന ഈ ബില്ലിന് വലിയ പിന്തുണയാണ് ഓസ്ട്രേലിയൻ സെനറ്റിൽ ലഭിച്ചത്. ഈ നിയമം ലോകത്തെ കുട്ടകളെ രക്ഷിക്കുമെന്ന് ഓസ്ട്രേലിയയിലെ മുതിർന്ന സെനറ്റർ ഡാരൻ ഹിഞ്ച് അഭിപ്രായപ്പെട്ടു. ലോകത്തൊരു രാജ്യവും ഇത്തരത്തിലുള്ളൊരു നിർദ്ദേശം മുന്നോട്ട് വച്ചിട്ടില്ലെന്നും ഇത് മറ്റ് രാജ്യങ്ങളിലെ പെൺകുട്ടികളെ സഹായിക്കുമെന്നും ജസ്റ്റിസ് കീനൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വർഷമാണ് 11 കുട്ടികളെ പീഡിപ്പിച്ചതിന് ഫിഡെസ് എല്ലിസ് എന്ന ഓസ്ട്രേലിയൻ പൗരനെ ഇന്തോനീഷ്യൻ പൊലീസ് പിടികൂടിയത്. ഇയാളെ 15 വർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലൈംഗിക തൊഴിലാളികളായി ഓസ്ട്രേലിയൻ പൗരൻമാർ ഉണ്ടെന്നും ഇത് തടയാൻ ഈ നിയമത്തിന് സാധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ