scorecardresearch

ഇന്ത്യൻ വംശജനായ യുവാവിന് നേരെ ഓസ്ട്രേലിയയിൽ വംശീയ ആക്രമണം

വംശീയ ആക്രമണം എന്നത് കെട്ടിച്ചമച്ചതാണെന്ന് ഓസ്ട്രേലിയൻ പൊലീസിന്റെ വിശദീകരണം

ഇന്ത്യൻ വംശജനായ യുവാവിന് നേരെ ഓസ്ട്രേലിയയിൽ വംശീയ ആക്രമണം

ടാസ്‌മാനിയ: കാർ ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യൻ വംശജന് നേരെ ഓസ്ട്രേലിയയിൽ ദമ്പതിമാരുടെ വംശീയ ആക്രമണം. ഇന്ത്യക്കാരനായ നീയിത് അർഹിക്കുന്നെന്ന് പറഞ്ഞാണ് ഇവർ വംശീയ ആക്രമണം അഴിച്ചുവിട്ടത്. ടാസ്മാനിയക്കടുത്ത് സാന്റി ബേ എന്ന സ്ഥലത്താണ് ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഇദ്ദേഹത്തിന്റെ കാറിൽ യാത്ര ചെയ്ത ദമ്പതിമാരാണ് ആക്രമിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം അശ്ലീല പദപ്രയോഗങ്ങൾ ഉപയോഗിച്ച് ആക്ഷേപിച്ചതിന് ശേഷം ഇരുവരും ചേർന്ന് വാഹനത്തിൽ അടിക്കാൻ തുടങ്ങിയെന്ന് ഇദ്ദേഹം എഎൻഐ യോട് പറഞ്ഞു. പുരുഷൻ ഇദ്ദേഹത്തെ ആക്രമിച്ച സമയത്ത് സ്ത്രീ “ബ്ലഡ് ഇന്ത്യൻസ്” എന്ന് ആവർത്തിച്ച് പറഞ്ഞതായാണ് മൊഴി. “നീചനായ ഇന്ത്യക്കാരാ നീയിത് അർഹിക്കുന്നു’വെന്നും സ്ത്രീ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. റോയൽ ഹൊബാർട് ആശുപത്രിയിൽ കാർ ഡ്രൈവറെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി ഒരു ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ദി മെർകുറി എന്ന മാധ്യമത്തിന് ഒരു പൊലീസ് ഉദ്യോഗസസ്ഥൻ നൽകിയ വിശദീകരണത്തിൽ ഡ്രൈവറെ ആക്രമിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അറിയുന്നു. യാത്രക്കാരിലൊരാൾ രോഗിയായതിനാൽ ഡ്രൈവർ ഇവരോട് വാഹനത്തിൽ നിന്ന് ഇറങ്ങുവാൻ ആവശ്യപ്പെട്ടെന്നാണ് ഇവർ നൽകിയ മൊഴിയെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. “കാർ നിരക്കുമായി ബന്ധപ്പെട്ട തർക്കമാകാമിതെന്നും വംശീയ ആക്രമണമെന്നത് മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നും” പൊലീസ് നൽകിയ വിശദീകരണത്തിലുണ്ട്.

മെർകുറി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ 25 കാരനായ ഈ യുവാവ് ഇനി കാർ ഡ്രൈവറായി ജോലി ചെയ്യില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഏറെ അപകടകരമായ തൊഴിലാണെന്നും ഇനിയിത് ചെയ്യാനില്ലെന്നുമാണ് ഇദ്ദേഹം വ്യക്തമാക്കിയത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് 95 ശതമാനം ഓസ്ട്രേലിയക്കാരും നല്ലവരാണെന്ന് അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Australia indian born cab driver beaten in alleged racial attack you indian deserve it say abusive couple