മെൽബൺ: ദക്ഷിണ പസഫിക് സമുദ്രത്തിൽ വൻ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. എന്നാൽ ഭൂചലനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയ, ഫിജി, വനുവാതു, ന്യൂകാലിഡോണിയ തീരങ്ങളില്‍ ഓസ്ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.
ഓസ്ട്രേലിയന്‍ തീരത്തുനിന്ന് 550 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂചലനമുണ്ടായത്. ഓസ്ട്രേലിയന്‍ തീരത്തിനു സമീപത്തുള്ള ലോയല്‍റ്റി ദ്വീപുകളാണ് പ്രഭവകേന്ദ്രം. 0.3 മുതൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്ന് ജാഗ്രതാനിർദേശം പിൻവലിക്കുകയായിരുന്നു.
ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. അഹിപര മുതൽ ബേ ഓഫ് ഐലൻഡ്സ് വരെയും മറ്റാറ്റ മുതൽ ടൊലഗ വരെയുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നായിരുന്നു നിർദേശം. ഈ മേഖലകളിലെ ജനങ്ങൾ ജലാശയങ്ങൾ, ബീച്ചുകൾ, തുറമുഖങ്ങൾ, പുഴകൾ എന്നിവയുടെ സമീപത്തു നിന്നും അകലം പാലിക്കണമെന്നും ന്യൂസിലൻഡ് നാഷണൽ എമർജൻസി മാനേജ്മെന്റ് ഏജൻസി അറിയിച്ചിരുന്നു.
ന്യൂസിലൻഡിന്റെ വടക്കൻ ഭാഗങ്ങൾ മാത്രമാണ് സുനാമിക്ക് സാധ്യതയുള്ള പ്രദേശങ്ങൾ. ഓസ്ട്രേലിയ, കുക്ക് ദ്വീപുകൾ, അമേരിക്കൻ സമോവ എന്നിവയുൾപ്പെടെ മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ചെറിയ തിരമാലകൾ പ്രവചിക്കപ്പെട്ടിരുന്നു.
Read More: യുഎഇയുടെ ‘ഹോപ്പ്’ ചൊവ്വാദൗത്യത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങൾ അടുത്ത വാരത്തോടെ
പ്രാദേശിക സമയം വ്യാഴാഴ്ച അർദ്ധരാത്രിയിൽ (1320 ജിഎംടി ബുധനാഴ്ച) ന്യൂ കാലിഡോണിയയിലെ വാവോയിൽ നിന്ന് 415 കിലോമീറ്റർ (258 മൈൽ) കിഴക്ക് 10 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ അപകടങ്ങളോ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല.
2018 ൽ ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും 4,300 ൽ അധികം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിരുന്നു. 2004 ൽ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന്റെ തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, മേഖലയിലുടനീളം 220,000 പേർ കൊല്ലപ്പെട്ട സുനാമിക്ക് കാരണമായി.