ന്യൂഡല്‍ഹി: മുഗള്‍ ഭരണാധികാരി ഔറംഗസേബ് തീവ്രവാദിയായിരുന്നെന്ന് ബിജെപി എംപി മഹേഷ് ഗിരി. എന്നാല്‍ ഔറംഗസേബിന്റെ സഹോദരന്‍ ദാരാ ഷിക്കോഹ് പണ്ഡിതനായിരുന്നു. മതപരവും മതവിരുദ്ധവുമായ ആശയങ്ങളില്‍ നിന്നും ദര്‍ശനങ്ങളില്‍ നിന്നും നല്ലകാര്യങ്ങള്‍ സ്വീകരിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മഹേഷ് ഗിരി അഭിപ്രായപ്പെട്ടു.

‘ഔറംഗസേബും ദാരാ ഷുക്കോഹും; രണ്ട് സഹോദരന്മാരുടെ കഥ ‘എന്ന വിഷയത്തില്‍ നടന്ന എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഹേഷ് ഗിരി.

‘ഇന്നത്തെ സാഹചര്യത്തില്‍ നോക്കുമ്പോള്‍ ഔറംഗസേബ് ഒരു ഭീകരനായിരുന്നു. ഔറംഗസേബിന് കിട്ടേണ്ടിയിരുന്ന ശിക്ഷ കിട്ടിയില്ല. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ പേരിലുള്ള റോഡിന്റെ പേര് മാറ്റാനെങ്കിലും സാധിച്ചു.’

ഡല്‍ഹിയിലെ ഔറംഗസേബിന്റെ പേരിലുണ്ടായിരുന്ന റോഡിന്റെ പേര് ഡോ.എ.പി.ജെ അബ്ദുള്‍ കലാം റോഡ് എന്നാക്കിമാറ്റിയത് മഹേഷ് ഗിരിയുടെ നേതൃത്വത്തിലായിരുന്നു. ക്രൂരനായ ഭരണാധികാരിയുടെ പേര് റോഡിന് നല്‍കിയിരിക്കുന്നത് കാണുമ്പോഴൊക്കെ തനിക്ക് മനോവേദന തോന്നിയിരുന്നെന്നും അത് രാജ്യതാൽപര്യങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാണിച്ചാണ് മഹേഷ് ഗിരി കേന്ദ്രത്തിന് കത്തയച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ