ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ഓക്‌സിജന്റെ കുറവ് മൂലം സംഭവിച്ച മരണങ്ങൾ ഓഡിറ്റ് ചെയ്യാനും കുടുംബങ്ങള്‍ക്ക് ശരിയായ നഷ്ടപരിഹാരം ഉറപ്പാക്കാനും ആരോഗ്യ കുടുംബക്ഷേമ പാർലമെന്ററി സമിതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും സംസ്ഥാനങ്ങളോടും ശുപാര്‍ശ ചെയ്തു.
ഓക്‌സിജൻ ക്ഷാമം, രോഗനിരീക്ഷണം, വാക്‌സിൻ വിതരണം എന്നിവയുൾപ്പെടെ മഹാമാരി കൈകാര്യം ചെയ്തതിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്ത ശേഷം ഇന്നലെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോവിഡിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്തുന്നതിനായി ശബ്ദമുയര്‍ത്തണമെന്നും സമിതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്സജന്‍ ക്ഷാമം
“ഓക്‌സിജന്റെ അപര്യാപ്തത മൂലമുള്ള മരണങ്ങൾ തിരിച്ചറിയുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെഡിക്കൽ രേഖകളിൽ ഓക്സിജൻ ക്ഷാമം മരണകാരണമായി രേഖപ്പെടുത്തിയിട്ടില്ല, മിക്ക മരണങ്ങൾക്കും കാരണമായത് രോഗാവസ്ഥയാണ്, സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര സർക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ 20 സംസ്ഥാനങ്ങളാണ് മറുപടി നല്‍കിയത്. എന്നാണ് അവയൊന്നും സ്ഥിരീകരിച്ചിട്ടില്ല. “രാജ്യത്ത് ഓക്‌സിജൻ ക്ഷാമം മൂലമുള്ള കോവിഡ് മരണങ്ങൾ സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ സമിതി തൃപ്തരല്ല,” റിപ്പോർട്ടില്‍ പറയുന്നു.
2020 ൽ ഓക്‌സിജന്റെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാണെന്ന് ഉറപ്പുനൽകിയപ്പോഴും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. “സംസ്ഥാനങ്ങൾക്കിടയിൽ ഓക്സിജന്റെ വിതരണം പോലും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആവശ്യകത വര്‍ധിച്ചപ്പോള്‍ സർക്കാരിന് ഓക്സിജന്‍ കൃത്യമായി വിതരണം ചെയ്യാനായില്ല. ഇത് ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു,” റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രതിദിന ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം 2021 ഫെബ്രുവരിയിൽ 1,292 മെട്രിക് ടണ്ണായിരുന്നു, ഇത് 2021 ഏപ്രിലിൽ 6,593 മെട്രിക് ടണ്ണായി ഉയർത്തിയതായി മന്ത്രാലയം സമിതിയെ അറിയിച്ചിരുന്നു. മെയ് 28 ന് 10,250 മെട്രിക് ടൺ എൽഎംഒ സംസ്ഥാനങ്ങൾക്ക് അനുവദിച്ചു. 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ 1.02 ലക്ഷം ഓക്സിജൻ സിലിണ്ടറുകൾ വാങ്ങിയതായും 2021 ഏപ്രിലിൽ 1.27 ലക്ഷം സിലിണ്ടറുകൾക്ക് ഓർഡർ നൽകിയതായും സർക്കാർ അറിയിച്ചു.
വാക്സിന്‍ അനുമതി
ക്ലിനിക്കൽ ട്രയൽസ് റൂൾസ് 2019 അല്ലെങ്കിൽ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് 1940 ൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ലാതെ വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തെയും സമിതി ചോദ്യം ചെയ്തു.
ഭാവിയിൽ ഇത്തരം അനുമതികൾ നൽകുന്നതിന് മുന്‍പ് കർശനമായ വിലയിരുത്തലുകൾ നടത്തണമെന്നും സമിതി നിർദേശിച്ചു. വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനായി ഗവേഷണം നടത്തണമെന്നും സമിതി വ്യക്തമാക്കി. പാഴായിപ്പോകുന്ന വാക്സിന്റെ അളവ് പരിശോധിക്കാൻ അഞ്ച് ഡോസ് വീതമുള്ള ചെറിയ വാക്സിൻ കുപ്പികള്‍ ഉപയോഗിക്കാമെന്നും നിര്‍ദേശമുണ്ട്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുള്ള ബൗദ്ധികാവകാശം ഇന്ത്യ വിട്ടുനല്‍കാത്തതിനേയും സമിതി ചോദ്യം ചെയ്തു.