അഹമ്മദാബാദ്: ഡിസംബറില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് കൂടുതൽ തലവേദന സൃഷ്ടിച്ച് നരേന്ദ്ര പട്ടേൽ വീണ്ടും രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെ പണം നല്‍കാമെന്നു പറയുന്ന ഫോണ്‍ സംഭാഷണവും നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടു.
നാല്പത് ശതമാനം ഇന്നും അറുപത് ശതമാനം നാളെയും തരാം. ഇന്നുതന്നെ മാധ്യമങ്ങളെ കണ്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കണം എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പട്ടേലിനോട് നിര്‍ദേശിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന ഈ പട്ടേല്‍ സംവരണ പ്രക്ഷോഭം ഗുജറാത്ത് സര്‍ക്കാരിനുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി സമരനായകന് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി അടുക്കുന്നത് മനസിലാക്കിയ ബിജെപി സംഘടനയിലെ മറ്റു നേതാക്കളെ കൂടെക്കൂട്ടാന്‍ ശ്രമിക്കുകയായിരുന്നു.
ബിജെപിയിലേക്കു ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി നരേന്ദ്ര പട്ടേൽ വാർത്താ സമ്മേളനം വിളിച്ചാണ് വെളിപ്പെടുത്തിയത്. തനിക്കു കിട്ടിയ നോട്ടുകെട്ടുകളും മാധ്യമപ്രവർത്തകർക്ക് മുന്നിൽ നരേന്ദ്ര പട്ടേൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചപ്പോഴാണ് പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം ഇപ്പോൾ നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടിരിക്കുന്നത്.
ഹാർദിക് പട്ടേലിന്റെ മറ്റൊരു പ്രധാന അനുയായിയായിരുന്ന വരുൺ പട്ടേലും ബിജെപിയിലേക്കു കൂടുമാറിയിരുന്നു. ബിജെപിയോടു ചേരാൻ വരുൺ പട്ടേൽ വഴിയാണ് തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതെന്നാണ് നരേന്ദ്ര പട്ടേൽ പറഞ്ഞ്. ഇതിനായി 10 ലക്ഷം രൂപ അഡ്വാൻസ് ആയി ലഭിച്ചെന്നും നരേന്ദ്ര പട്ടേൽ പറഞ്ഞു. ബാക്കി 90 ലക്ഷം രൂപ പിന്നീട് തരാമെന്ന് ഏറ്റിട്ടുണ്ടെന്നും എന്നാൽ റിസർവ് ബാങ്ക് മുഴുവനായി നൽകിയാലും തന്നെ വിലയ്ക്ക് എടുക്കാനാകില്ലെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കിയിരുന്നു.