/indian-express-malayalam/media/media_files/uploads/2018/08/audi-accident1-1.jpg)
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അമിതവേഗത്തില്‍ വന്ന ഔഡി കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. സുന്ദരപുരത്താണ് അപകടം ഉണ്ടായത്. റോഡരികില്‍ നിന്ന നാല് പേരെ ആദ്യം ഇടിച്ചിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ ഔഡി എസ്‍യുവിയാണ് അപകടത്തില്‍ പെട്ടത്.
രാവിലെ 9.30 ഓടെ അമിതവേഗത്തില്‍ വന്ന കാര്‍ പെരിയാര്‍ ബസ് സ്റ്റോപ്പിന് അടുത്ത് വച്ച് നിയന്ത്രണം വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന രണ്ട് പേരെയാണ് കാര്‍ ആദ്യം ഇടിച്ച് തെറിപ്പിച്ചത്. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷയിലിടിച്ച് അടുത്തുളള പൂക്കടയിലേക്ക് ഇടിച്ച് കയറി ഇലക്ട്രിക് പോസ്റ്റില്‍ തട്ടി നിന്നു. ബസ് കാത്തിരുന്ന അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. രണ്ട് പേര്‍ ഓട്ടോയില്‍ ഇരിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അപകടത്തില്‍ മരിച്ചത്.
സോമു (55), സുരേഷ് (43), അംശവേണി (30), സുഭാഷിണി (20), ശ്രീരംഗദാസ് (75), കുപ്പമ്മാള്‍ (60) എന്നിവരാണ് മരിച്ചത്. ബാക്കിയുളളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കമ്മീഷണര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കോയമ്പത്തൂരിലെ രത്തിനം കോളേജ് ഉടമസ്ഥനായ ജഗദീഷിന്റെ പേരിലുളളതാണ് വാഹനം. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടുകാര്‍ വാഹനം ഓടിച്ച ജഗദീഷിനെ പിടികൂടി മര്‍ദ്ദിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. വാഹനം അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.