റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷണം പോയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. റഫാല്‍ രേഖകള്‍ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന് എജി വിശദീകരിച്ചു. മറിച്ച്, രേഖകളുടെ ഫോട്ടോ കോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും കെ.കെ വേണുഗോപാല്‍ പ്രതികരിച്ചു.

റഫാലുമായി ബന്ധപ്പെട്ട അതിപ്രധാന രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും രേഖകളുടെ കോപ്പി ഹര്‍ജിക്കാര്‍ ഉപയോഗിച്ചു എന്നാണ് പറഞ്ഞതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് താന്‍ സുപ്രീം കോടതിയില്‍ അറിയിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്നാല്‍, ഈ ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്ന് കെ.കെ വേണുഗോപാല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയ രേഖകളെ അടിസ്ഥാനപ്പെടുത്തിയാണ് ‘ദ ഹിന്ദു’ അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നതെന്നും അതിനാല്‍ അതീവ രഹസ്യ സ്വഭാമുള്ള രേഖകള്‍ പുറത്തുവിട്ടതിനാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

റഫാല്‍ രേഖകള്‍ മോഷണം പോയെന്ന പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് രേഖകള്‍ മോഷണം പോയിട്ടില്ലെന്ന വിശദീകരണവുമായി എജി രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook