ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്നവര്‍ ആക്രമണങ്ങള്‍ നേരിടുന്ന വീഡിയോകള്‍ വൈറലായതിന് പിന്നാലെ ആശങ്കയിലായി വ്യവസായ പ്രമുഖര്‍. ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇക്കാരണത്താല്‍ തമിഴ്നാട് വിടാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ആശങ്ക. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 10 ലക്ഷം അതിഥി തൊഴിലാളികളാണ് തമിഴ്നാട്ടിലുള്ളത്.
“തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പടര്‍ന്നാല്‍ വ്യവസായ-നിര്‍മ്മാണ മേഖലകള്‍ സ്തംഭിക്കും. ഉത്തരേന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ സഹായമില്ലാതെ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കാനാകില്ല. ഹോളിക്ക് ശേഷം എത്ര തൊഴിലാളികള്‍ തിരിച്ചുവരുമെന്ന് നിരീക്ഷിക്കുകയാണ് ഞങ്ങള്‍,” ചെന്നൈ ചെറുകിട വ്യവസായ അസോസിയേഷന്‍ സെക്രട്ടറി ജയ വിജയന്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ 10 ലക്ഷം കുടിയേറ്റ തൊഴിലാളികളിൽ പകുതിയോളം വടക്കൻ തമിഴ്‌നാട് നഗരങ്ങളായ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപട്ട് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ബാക്കിയുള്ളവർ പ്രധാനമായും നിർമ്മാണ കേന്ദ്രങ്ങളായ തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് മേഖലകളിലാണ്.
അതിഥി തൊഴിലാളികളെ ആക്രമിക്കുന്ന രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികള്‍ക്കിടയില്‍ ഭയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ ശ്രദ്ധ വിഷയത്തിലേക്ക് എത്തിച്ചു. എന്നാല്‍ വീഡിയോകള്‍ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് തമിഴ്നാട് പൊലീസ് വ്യക്തമാക്കി.
തന്റെ പരിചയത്തിലുള്ള വിവിധ യൂണിറ്റുകളില്‍ നിന്ന് രണ്ടായിരത്തോളം തൊഴിലാളികള്‍ സംസ്ഥാനം വിട്ടതായി റെയില്‍വെ സപ്ലയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പറേഷന്‍ ഓഫ് തമിഴ്നാട് (എസ്ഐപിസിഒടി) ഉടമയുമായി എസ് സുരുലിവേല്‍ പറഞ്ഞു. എസ്ഐപിസിഒടിയുടെ 300 യൂണിറ്റുകളിലായി 20,000 അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഗവര്‍ണര്‍ ആര്‍ എന്‍ രവി ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ തൊഴിലാളികള്‍ തീരുമാനമെടുത്തതായാണ് കമ്പനി ഉടമകളും അടുത്ത വൃത്തങ്ങളും പറയുന്നത്. ഏജന്റുമാര്‍ നിര്‍ബന്ധിച്ചിട്ടും തൊഴിലാളികള്‍ തിരിച്ചു വരാന്‍ തയാറാകുന്നില്ല.
നിലവിലെ സംഭവവികാസങ്ങള്‍ മൂലം തൊഴിലാളികളുടെ കുടുംബങ്ങളില്‍ നിന്ന് തിരിച്ചുവരാനുള്ള സമ്മര്‍ദവും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ആക്രമണത്തിന്റെ വീഡിയോകളും വാര്‍ത്തകളും പ്രചരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
“ഞങ്ങളുടെ അമ്മമാരും ഭാര്യമാരുമെല്ലാം ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകള്‍ കാരണം ഭയന്നിരിക്കുകയാണ്. എല്ലാം ശാന്തമാണെന്ന് ഞങ്ങള്‍ക്കറിയാം. സുരക്ഷാ ഉദ്യോഗസ്ഥരും ലേബര്‍ കോണ്‍ട്രാക്ടര്‍മാരും രണ്ട് തവണ ജോലി ചെയ്യുന്ന സൈറ്റിലെത്തിയിരുന്നു. ഹിന്ദി ന്യൂസ് റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോകളും കാണിച്ചു തന്നു. പക്ഷെ ഹോളിക്ക് ശേഷം എത്ര പേര്‍ തിരിച്ചു വരുമെന്ന് ഉറപ്പില്ല,” വേലചേരിയില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിയായ അമരീന്ദര്‍ കുമാര്‍ പറഞ്ഞു.
ബിഹാർ സ്വദേശികള്‍ മാത്രമല്ല, എല്ലാ ഉത്തരേന്ത്യൻ തൊഴിലാളികളും കുടുംബങ്ങളും അവരുടെ സ്വന്തം സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ കാരണം ആശങ്കയിലാണെന്ന് ഗിണ്ടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ശശികാന്ത് പറഞ്ഞു.
“ശനിയാഴ്‌ച പോലീസ് ഇവിടെയെത്തിയിരുന്നു. ഞങ്ങളുടെ സുരക്ഷ ഉറപ്പുനൽകി. അവർ ഞങ്ങൾക്ക് ചായയും ബിസ്കറ്റും വാങ്ങി നല്‍കി. ഞങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരെ സമീപിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടെങ്കിൽ വിളിക്കാൻ ഫോൺ നമ്പറുകളും നല്‍കിയിട്ടുണ്ട്,” ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.