സൂറത്ത്: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനെ ആക്രമിക്കണം എന്ന് ഗുജറാത്ത് മന്ത്രി. ബിജെപി നേതാവ് കൂടിയായ ഗൺപതിസിൻഹ വാസവയാണ് ശത്രുരാജ്യത്തെ ആക്രമിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.
“ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ട് മാസം വരെ വൈകിയാലും സാരമില്ല, പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ 125 കോടി ജനങ്ങളും ഇത്തരത്തിൽ എന്തെങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ പട്ടാളക്കാരെ കൊലപ്പെടുത്തിയതിന് തീർച്ചയായും പകരം ചോദിക്കും,” വാസവ സൂറത്തിൽ പറഞ്ഞു.
“ഇന്ത്യൻ സൈന്യത്തെ ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. സിആർപിഎഫ് പറഞ്ഞത് ഈ ആക്രമണത്തിന് പകരം ചോദിക്കാനുളള സമയവും തീയ്യതിയും നിശ്ചയിക്കുമെന്നാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജയ്ഷെ മുഹമ്മദ് ഭീകരർ ആസൂത്രണം ചെയ്ത ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ പുൽവാമയ്ക്കടുത്ത് അവന്തിപോരയിലായിരുന്നു ആക്രമണം.
ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് നൽകി വന്നിരുന്ന എംഎഫ്എൻ പദവി ഇന്ത്യ എടുത്തുകളഞ്ഞിരുന്നു. ഇതിനോടകം 48 രാജ്യങ്ങളാണ് ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണയുമായി വന്നത്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന 2500 സിആർപിഎഫ് ജവാന്മാരടങ്ങിയ സംഘം സഞ്ചരിച്ച 78 ബസുകളടങ്ങിയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്. ഫെബ്രുവരി 14 ന് വൈകിട്ട് 3.15 നായിരുന്നു ആക്രമണം.