ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രളയ ബാധിത മേഖലയിലെ ജനങ്ങളെ സഹായിക്കുന്നതില്‍ മുഴുകണമെന്ന് രാഹുല്‍ അറിയിച്ചു.
ഇതിനിടെ ബനസ്കന്ദ പൊലീസ് പ്രദേശത്തെ ബിജെപി നേതാവായ ജയേഷ് ദര്‍ജിയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവത്തില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിക്കാതിരുന്നതെന്ന ചോദ്യത്തിന് ‘ആക്രമണത്തില്‍ പങ്കുളളയാള്‍ എങ്ങനെ അപലപിക്കും’ എന്ന് രാഹുല്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ശൈലിയാണ് ഇത്തരം ആക്രമണം. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് അപലപിക്കാന്‍ കഴിയാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ബനസ്‌കന്ധയില്‍ പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചിരുന്നു.