ന്യൂഡല്‍ഹി: തനിക്ക് നേരെ ഇന്നലെ ഗുജറാത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ശൈലിയാണ് ഇത്തരം ആക്രമണം. അതുകൊണ്ടാണ് പ്രധാനമന്ത്രിക്ക് അപലപിക്കാന്‍ കഴിയാത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ബനസ്‌കന്ധ മേഖലയില്‍ പ്രളയ മേഖല സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ രാഹുലിന്റെ സുക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ബി.ജെ.പിയാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ആരോപിച്ചിരുന്നു.

അതേസമയം, രാഹുൽ ഗാന്ധിക്കു നേരെ ഉണ്ടായെന്നു പറയപ്പെടുന്ന കല്ലേറിന്റെ പശ്ചാത്തലത്തിൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി ആരോപിച്ചു. കല്ലേറിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ രാഷ്ട്രീയ നാടകം കളിക്കുകയാണ് കോൺഗ്രസ് എന്നും ബിജെപി കുറ്റപ്പെടുത്തി.

ഗുജറാത്തിലെ തങ്ങളുടെ ജനപ്രതിനിധികളെ അവരുടെ മണ്ഡലങ്ങൾ സന്ദർശിക്കാനോ ജനങ്ങളുമായി ഇടപഴകാനോ അനുവദിക്കാതെ ഒളിപ്പിച്ചുവച്ചിരിക്കുന്നവരാണ് കോൺഗ്രസുകാരെന്നും ബിജെപി നേതാവ് ജി.എൽ.വി. നരസിംഹറാവും ചൂണ്ടിക്കാട്ടി. ഏതു രാഷ്ട്രീയ പാർട്ടിക്കുമെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് സമ്മതിച്ച റാവു, രാഹുലിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലവും കാരണവും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook