ബാംകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 54 സൈനികർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് അറിയിച്ചു. അടുത്ത കാലത്ത് മാലി സൈന്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. അയൽരാജ്യമായ നൈജറിനോട് അതിർത്തി പങ്കിടുന്ന പ്രദേശമാണ് മെനക.

“സ്ഥിതി നിയന്ത്രണത്തിലാണ്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണ്,” മരണസംഖ്യയെക്കുറിച്ച് ഏറ്റവും പുതിയ വിവരം നൽകിയ ശേഷം വാർത്താവിനിമയ മന്ത്രി യയാ സംഗാരെ ട്വിറ്ററിലൂടെ പറഞ്ഞു. രക്ഷപ്പെട്ട പത്തു പേരെ ഔട്ട് പോസ്റ്റിൽ നിന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ​ ലഭ്യമായിട്ടില്ല.

നിരവധി പേർ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞു കൊണ്ടും എന്നാൽ കൃത്യമായ കണക്ക് തരാതെയും മാലിയൻ സർക്കാർ നേരത്തേ തന്നെ തീവ്രവാദ ആക്രമണത്തെ അപലപിച്ചിരുന്നു.

പ്രദേശം സുരക്ഷിതമാക്കുന്നതിനും അക്രമികളെ പിടികൂടുന്നതിനുമായി വേണ്ട എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ബർകിന ഫാസോയുടെ അതിർത്തിയിൽ രണ്ട് തീവ്രവാദ ആക്രമണങ്ങളിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഒരു മാസത്തിന് ശേഷമാണ് അടുത്ത ആക്രമണം നടന്നിരിക്കുന്നത്.

തീവ്രവാദികൾ നടത്തിയ ആക്രമണം രാജ്യ തലസ്ഥാനമായ ബാംകോയിലെ ഒരു സൈനിക ക്യാമ്പിന് പുറത്ത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട്. 2012-ല്‍ നടന്ന സംഘര്‍ഷത്തില്‍ വടക്കന്‍ മാലിയുടെ നിയന്ത്രണം അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ള ഒരു സംഘടന പിടിച്ചെടുത്തിരുന്നു. ഒരു വർഷത്തിനു ശേഷം തീവ്രവാദികൾക്കെതിരെ ഫ്രഞ്ച് നേതൃത്വത്തിലുള്ള സൈനികനീക്കം ആരംഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook