ന്യൂഡൽഹി: തന്റെ ട്വിറ്റർ അക്കൗണ്ട് അടച്ചു പൂട്ടിയതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണമെന്നാണ് ഈ നടപടിയെക്കുറിച്ച് രാഹുൽ പറഞ്ഞത്.
“ഇത് രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ല. എനിക്ക് 19-20 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഒരു അഭിപ്രായത്തിനുള്ള അവകാശം നിങ്ങൾ അവർക്ക് നിഷേധിക്കുകയാണ്. അതാണ് നിങ്ങൾ ചെയ്യുന്നത്,” യൂട്യൂബിലെ ഒരു വീഡിയോയിൽ രാഹുൽ പറഞ്ഞു. “ഞങ്ങളുടെ രാഷ്ട്രീയം നിർവ്വചിക്കുക എന്നത് ഒരു കമ്പനി അതിന് തലയിടാനുള്ള കാര്യമായി കാണുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ എനിക്ക് അത് ഇഷ്ടമല്ല,” രാഹുൽ പറഞ്ഞു.
ട്വിറ്റർ പക്ഷപാതപരമായി ഇടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു, “നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാർലമെന്റിൽ സംസാരിക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. മാധ്യമങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ട്വിറ്ററിൽ നമ്മൾ വിചാരിക്കുന്നത് പറയാൻ കഴിയുന്ന ഒരു പ്രകാശകിരണം ഉണ്ടെന്ന് ഞാൻ കരുതി. പക്ഷേ, വ്യക്തമായും, അങ്ങനെയല്ല. ട്വിറ്റർ യഥാർത്ഥത്തിൽ ഒരു നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പ്ലാറ്റ്ഫോമല്ലെന്ന് ഇപ്പോൾ വ്യക്തമാണ്. അത് ഇവിടത്തെ സർക്കാർ പറയുന്നത് കേൾക്കുന്ന ഒന്നാണ്,” രാഹുൽ പറഞ്ഞു.
Read More: ‘ജനാധിപത്യത്തിന്റെ കൊലപാതകം’: പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചതിനെതിരെ പ്രതിപക്ഷം
കഴിഞ്ഞയാഴ്ച ഡൽഹിയിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒൻപത് വയസ്സുള്ള ദളിത് ബാലികയുടെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഫൊട്ടോ മുൻ പാർട്ടി അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം പങ്കുവച്ചതിനെത്തുടർന്ന് രാഹുൽ ഗാന്ധിയുടെയും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ ഹാൻഡിലുകൾ പൂട്ടിയിരിക്കുന്നു.
“ഇന്ത്യക്കാർ എന്ന നിലയിൽ, നമ്മൾ ചോദ്യം ചോദിക്കേണ്ടതുണ്ട്: കമ്പനികൾ ഇന്ത്യൻ ഗവൺമെന്റിനു കീഴടങ്ങി എന്നതിനാൽ നമ്മളുടെ രാഷ്ട്രീയം നിർവ്വചിക്കാൻ അവരെ അനുവദിക്കാൻ പോവുകയാണോ?” രാഹുൽ ചോദിച്ചു.
രാഹുൽ ഗാന്ധിക്ക് പിന്തുണ അർപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകളിലെ പേരും ഫോട്ടോയും രാഹുൽ ഗാന്ധിയുടേതാക്കി മാറ്റിയിട്ടുണ്ട്.
തങ്ങളുെ നിയമങ്ങൾ “എല്ലാവർക്കും ന്യായമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നു” എന്നാണ് ട്വിറ്റർ ഈ കാര്യത്തിൽ പ്രതികരണമറിയിച്ചത്. “ഞങ്ങളുടെ നിയമങ്ങൾ ലംഘിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്ത നൂറുകണക്കിന് ട്വീറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു,” എന്നും കമ്പനി പറഞ്ഞു.
“ലൈംഗികാതിക്രമത്തിനിരയായ (കൂടാതെ പ്രായപൂർത്തിയാകാത്ത) ഇരയുടെ മാതാപിതാക്കളുടെ വ്യക്തിത്വം വെളിപ്പെടുത്തിയ ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ നിർദ്ദിഷ്ട ഉള്ളടക്കത്തെക്കുറിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു,” എന്നും ട്വിറ്റർ തങ്ങളുടെ നടപടിയെ പ്രതിരോധിച്ചുകൊണ്ട് പറഞ്ഞു.