ന്യൂഡൽഹി: പുതിയ രൂപത്തിലുളള 100 രൂപ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ എടിഎമ്മുകളിൽ മാറ്റം വരുത്താൻ വേണ്ടിവരുന്ന ചെലവ് 100 കോടി രൂപ. പുതിയ കറൻസി യന്ത്രത്തിൽ ഉൾപ്പെടുത്താൻ സാങ്കേതിക -യന്ത്ര മാറ്റങ്ങൾ വേണ്ടിവരും. രാജ്യത്ത് 2.4 ലക്ഷം എടിഎമ്മുകളാണ് ഉളളത്. ഇവ പുതിയ കറൻസി ലഭിക്കുന്ന തരത്തിൽ മാറ്റാൻ 12 മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.

200 രൂപ നോട്ടുകൾ ലഭിക്കുന്ന തരത്തിൽ എടിഎമ്മുകളുടെ മാറ്റം വരുത്തൽ പൂർത്തിയാക്കിയത് അടുത്തിടെയാണ്. 200 പുറത്തിറക്കിയപ്പോൾ എടിഎമ്മുകളിൽ മാറ്റം വരുത്തുന്നതിന് ചെലവായത് 100 കോടിയാണ്. 2000 രൂപയും പുതിയ 500 രൂപയും ലഭിക്കുന്ന തരത്തിൽ എടിഎമ്മുകളിൽ മാറ്റം വരുത്തിയതിന് 110 കോടി രൂപയാണ് ബാങ്കുകൾ ചെലവഴിച്ചത്. ഇതിനുപിന്നാലെയാണ് പുതിയ 100 രൂപ നോട്ടുകളും എത്തുന്നത്.

അതേസമയം, എടിഎമ്മുകളിൽ മാറ്റം വരുത്തുന്നതിന് മാസങ്ങൾ വേണ്ടിവരുന്നതിനാൽ നോട്ടുക്ഷാമം ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പണമിടപാട് സ്ഥാപനങ്ങളും എടിഎം ഓപ്പറേറ്റർമാരുടെ സംഘടനയും കേന്ദ്രസർക്കാരിനോടും ആർബിഐയോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ രാജ്യത്ത് നോട്ടുക്ഷാമം ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ നൂറ് രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് പത്രക്കുറിപ്പിലാണ് റിസർവ് ബാങ്ക് അറിയിച്ചത്. പുതിയ നോട്ടിന് മുകളിൽ മഹാത്മ ഗാന്ധിയുടെ ചിത്രം ഉണ്ടായിരിക്കും. അതിന് പുറക് വശത്ത് ഗുജറാത്തിലെ ചരിത്ര സ്മാരകമായ റാണി കി വാവിന്റെ ചിത്രം പതിക്കും. വയലറ്റ് (ലാവൻഡർ) നിറത്തിലുളളതാണ് പുതിയ കറൻസി. ഇപ്പോഴുളള 100 രൂപയെക്കാൾ ചെറുതായിരിക്കും പുതിയ നോട്ടുകൾ.

വ്യാജന്മാരെ പ്രതിരോധിക്കുന്നതിന് രൂപകൽപ്പനയിലും ജ്യാമിതീയ ഘടനയിലും ഏറെ രഹസ്യങ്ങൾ ഉൾക്കൊളളിച്ചിട്ടുണ്ട്. പുതിയ നോട്ട് പുറത്തിറക്കുന്നതോടെ പഴയ നോട്ടുകൾ പിൻവലിക്കില്ലെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook