ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് വിവിധ നഗരങ്ങളിൽ രൂപപ്പെട്ട നോട്ട് ക്ഷാമത്തിന് നാളെ ശമനമുണ്ടാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനീഷ് കുമാർ. അതേസമയം നോട്ട് ക്ഷാമം നേരിട്ടത് ജനങ്ങൾ കൈയ്യിൽ പണം സൂക്ഷിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കറൻസി ക്ഷാമം അനുഭവപ്പെടുന്ന നഗരങ്ങളിലേക്ക് ഇപ്പോൾ കറൻസികൾ കൂടുതലായി എത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കറൻസിയുടെ പുന:ചംക്രമണം വളരെ അത്യാവശ്യമാണ്. എന്നാൽ ഈ നിലയിലല്ല ആളുകൾ പെരുമാറുന്നത്. എല്ലാവരും കറൻസികൾ വീട്ടിൽ തന്നെ സൂക്ഷിക്കുകയാണ്. പിന്നെങ്ങിനെ ബാങ്കിന് പണം വിതരണം ചെയ്യാനാകും? രാജ്യത്തിന് ഒട്ടും യോജിച്ചതല്ല ജനങ്ങളുടെ ഈ പെരുമാറ്റ”മെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ഷാമം ഇന്ത്യ ഒട്ടാകെ നേരിട്ട പ്രശ്നമല്ലെന്ന് രജനീഷ് കുമാർ പറഞ്ഞു. “ബീഹാർ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങി ചില സംസ്ഥാനങ്ങളിൽ മാത്രം ഉണ്ടായ പ്രശ്ന‌മാണിത്. നാളെത്തന്നെ പ്രശ്നം പരിഹരിക്കപ്പെടും. എല്ലാ നഗരങ്ങളിലും നാളെ നോട്ടുകൾ ലഭ്യമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ