ചെന്നൈ: തമിഴ്‌നാട്ടില്‍ അമ്പതോളം സ്ത്രീകളെ പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മൂന്ന് ആഴ്ച മുമ്പ് ലഭിച്ച ഒരു പരാതിയെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് കൂടുതല്‍ കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്. രണ്ട് കേസുകളിലായി എട്ടുപേരാണ് ആകെ പിടിയിലായത്. സംഭവം എഐഎഡിഎംകെയ്‌ക്കെതിരെയുള്ള ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ഭരണകക്ഷിയുടെ നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അറസ്റ്റ് ചെയ്ത നാലു പേരും 20 ന് അടുത്ത പ്രായമുള്ളവരാണ്. പൊള്ളാച്ചിയില്‍ വച്ച് 19 കാരിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് വഴി സൗഹൃദത്തിലായാതിന് ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. പ്രതികരിലൊരാളാണ് ഫെയ്‌സ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഒരു സ്ഥലത്ത് വച്ച് കാണാന്‍ ക്ഷണിക്കുകയായിരുന്നു. ഇവിടെ എത്തിയ പെണ്‍കുട്ടിയെ മറ്റ് മൂന്ന് പേരും കൂടെ ചേര്‍ന്ന് പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്.

സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത ഫോണുകളില്‍ 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങളും ഫോട്ടോകളുമുണ്ട്. ഇവരെയെല്ലാം ഫെയ്‌സ്ബുക്ക് സൗഹൃദത്തിലൂടെയായിരുന്നു കെണിയില്‍ പെടുത്തിയത്. പെണ്‍കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്. സ്വവര്‍ഗ്ഗ അനുരാഗം സംബന്ധിച്ച സംശയങ്ങള്‍ പങ്കുവെച്ചായിരുന്നു മിക്കവരേയും വിളിച്ചു വരുത്തിയത്. കോളേജ് അധ്യാപികമാരും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളുമെല്ലാം ഇവരുടെ അതിക്രമത്തിന് ഇരകളായിട്ടുണ്ട്.

പ്രതികള്‍ക്ക് ഐഎഎഡിഎംകെയുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതികളിലൊരാളായ എ നാഗാരാജ് ഒരു മന്ത്രിയുടെ ഒപ്പം നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. പിന്നാലെ നാഗരാജിന്റെ പാര്‍ട്ടി അംഗത്വം എഐഎഡിഎംകെ റദ്ദാക്കുകയും ചെയ്തു. ഭരണകക്ഷിയും സര്‍ക്കാരും പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ