വാഷിങ്ടൺ: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസ് ക്രൂരത. അറ്റ്ലാന്റയിൽ കാറിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു.

Read More: പ്രായോഗികമല്ല; നേപ്പാൾ ഭൂപടം മാറ്റിയതിനെതിരെ ഇന്ത്യ

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഈ സംഘര്‍ഷമാണ് വെടിയുതിര്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു.

സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്‌റയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ജനങ്ങള്‍ നിരത്തുകള്‍ കൈയടക്കി. പലപ്പോഴും ജനങ്ങളെ നിയന്ത്രിക്കാ പൊലീസ് പാടുപെടുകയാണ്. സംഭവത്തിന് പിന്നാലെ അറ്റ്‌ലാന്‌റ പൊലീസ് മേധാവി എറിക ഷീല്‍ഡ്‌സ് രാജിവയ്ക്കുകയും ചെയ്തു.

അതിനിടെ റെയ്ഷാദ് ബ്രൂക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ എത്രയും വേഗം പിരിച്ചുവിടാന്‍ അറ്റ്‌ലാന്‌റ മേയര്‍ കെയ്ഷ ലാസ് ബോട്ടം ഉത്തരവിട്ടു.

അമേരിക്കയിൽ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം. ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയിലും ക്യാനഡയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും വാരാന്ത്യദിനത്തിൽ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook