പ്രയാഗ്‌രാജ്: മുൻ എംപി അതിഖ് അഹമ്മദിന്റെയും സഹോദരൻ ഖാലിദ് അസിമിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തില്‍ അറസ്റ്റിലായ മൂന്ന് പേരും കുറ്റം സമ്മതിച്ചതായി പ്രയാഗ്‌രാജ് പൊലീസ്. അതിഖിനേയും ഖാലിദിനേയും കസ്റ്റഡിയില്‍ വിട്ടത് മുതല്‍ പിന്തുടരുന്നുണ്ടായിരുന്നെന്നും മൂവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
പ്രശസ്തി നേടുന്നതിന് വേണ്ടി ആതിഖിനെയും അഷ്‌റഫിനെയും കൊല്ലാൻ ആഗ്രഹിച്ചിരുന്നതായും പ്രതികള്‍ പൊലീസിനോട് തുറന്ന് പറഞ്ഞതായും വിവരമുണ്ട്.
ലവ്‌ലേഷ് തിവാരി (22), മോഹിത് എന്ന സണ്ണി പുരാനെ (23), അരുൺ കുമാർ മൗര്യ (18) എന്നിവരാണ് അറസ്റ്റിലായത്. വെടിവയ്പിൽ തിവാരിയുടെ വലതുകൈയ്‌ക്ക് വെടിയേറ്റതായും പ്രയാഗ്‌രാജിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ കൂട്ടാളികളാണ് വെടിയുതിർത്തതെന്നും പോലീസ് പറയുന്നു.
കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജേഷ് കുമാർ മൗര്യയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം അതിഖും അഷ്‌റഫും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് 20 പോലീസുകാരുടെ സംരക്ഷണത്തിലാണ് ഇരുവരേയും വൈദ്യപരിശോധനയ്ക്കായി മോത്തി ലാൽ നെഹ്‌റു സോണൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. ഏഴ് സബ് ഇൻസ്‌പെക്ടർമാരും 13 കോൺസ്റ്റബിൾമാരും സംഘത്തിലുണ്ടായിരുന്നു.
ഉമേഷ് പാൽ വധക്കേസിൽ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു ആതിഖും അഷ്‌റഫും.
ആശുപത്രി ഗേറ്റിൽ മാധ്യമപ്രവർത്തകരെ കണ്ടതോടെ ആതിഖും അഷ്‌റഫും പതുക്കെ നടക്കാൻ തുടങ്ങി. മാധ്യമങ്ങളോട് സംസാരിക്കാൻ നിന്നപ്പോഴാണ് അക്രമികൾ വെടിയുതിർത്തതെന്നും പൊലീസ് പറയുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റിട്ടുണ്ട്.