ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ ആരോപണവുമായി അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകള്‍. അദ്ദേഹത്തിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്നാണ് മരുമകളായ കരുണ ശുക്ലയുടെ ആരോപണം.
” അദ്ദേഹത്തിന്റെ മരണത്തെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നത് കണ്ട് എനിക്ക് ഞെട്ടലും വേദനയും അനുഭവപ്പെട്ടിരിക്കുകയാണ്,” കോണ്‍ഗ്രസ് നേതാവു കൂടിയായ കരുണ പ്രസ്താവനയില്‍ പറയുന്നു. ചത്തീസ്ഗഢില്‍ നിന്നുമുള്ള ബിജെപി എംപിയായിരുന്ന കരുണ 2013ലാണ് ബിജെപി വിട്ടുന്നത്. 2014 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
”കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അവര്‍ അടല്‍ ജിയെ കുറിച്ച് ചിന്തിച്ചതു പോലുമില്ലായിരുന്നു. ഇപ്പോള്‍ അസംബ്ലി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹത്തിന്റെ മരണത്തെ ഉപയോഗിക്കുകയാണവര്‍,” അവര്‍ പറയുന്നു. ചത്തീസ്ഗഢിലെ നയാ റായ്പൂരിനെ അടല്‍ നഗര്‍ ആയി പുനര്‍നാമകരണം ചെയ്തതിനേയും കരുണ വിമര്‍ശിച്ചു. ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.
”ബിജെപിയുടെ നാടകത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം. അടല്‍ ജിയുടെ മൃതദേഹത്തോടൊപ്പം പ്രധാനമന്ത്രി അഞ്ച് കിലോമീറ്ററോളം നടന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതുമെല്ലാം രാഷ്ട്രീയവും വോട്ട് ബാങ്ക് ലക്ഷ്യമിട്ടും മാത്രമാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.