ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ സംസ്കാരം ഇന്ന് നടക്കും. തലസ്ഥാന നഗരിയിലെ യമുന തീരത്തുള്ള സ്മൃതി സ്ഥാനിലാണ് വാജ്‌പേയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശിയപതാക പാതിയോളം താഴ്ത്തികെട്ടിയിട്ടുണ്ട്.

ഇന്നലെയായിരുന്നു ഇന്ത്യ കണ്ട ഏറ്റവും കരുത്തനായ പ്രധാനമന്ത്രി വിട ചൊല്ലിയത്. 93 വയസുകാരനായ അദ്ദേഹം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വ്യഴാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മരണവാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലേക്ക് എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ്‌ നേതാവ് സോണിയ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള പ്രമുഖർ ഇന്നലെ തന്നെ അന്തിമോപചാരം അർപ്പിക്കാൻ ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു.

ഇന്ന് രാവിലെ കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി, ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരും അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തെ അവസാനമായി ഒന്ന് കാണാൻ സാധാരണക്കാരുടെ വൻ തിരക്കാണ് ഡൽഹിയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ സുരക്ഷാ ക്രമീകരണങ്ങൾ തലസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിവരെ ബിജെപി ആസ്ഥാനത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാജ്ഘട്ടിനടുത്തുള്ള രാഷ്ട്രീയ സ്മൃതി സ്ഥാലിൽ എത്തിച്ച് 4 മണിയോടുകൂടി സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. വാജ്പേയുടെ സംസ്കാര ശുശ്രൂഷകൾ നടക്കുന്നതിനാൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook