മുംബൈ: എതിര്‍ പാർട്ടിയുടെ നേതാക്കളെ പോലും ബഹുമാനിക്കുന്ന സംസ്കാരമാണ് കോണ്‍ഗ്രസിനുളളതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് അടല്‍ ബിഹാരി വാജ്പേയിയെ ആദ്യം സന്ദര്‍ശിച്ചത് താനാണെന്ന കാര്യം ചൂണ്ടിക്കാണിക്കുകയായിരുന്നു രാഹുല്‍. ‘കോണ്‍ഗ്രസിനെതിരെ പോരാടിയയാളാണ് വാജ്പേയി. എന്നാല്‍ അദ്ദേഹം അസുഖബാധിതനായി കിടന്നപ്പോള്‍ നമ്മളാണ് ആദ്യം അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തത്വശാസ്ത്രം. നമ്മുടെ എതിരാളികളേയും നാം ബഹുമാനിക്കുന്നുണ്ട്’, രാഹുല്‍ വ്യക്തമാക്കി.

തിങ്കളാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാജ്പേയിയെ രാഹുലായിരുന്നു ആദ്യം സന്ദര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ സന്ദര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന മോദിയേയും രാഹുല്‍ കടന്നാക്രമിച്ചു. തന്റെ ഗുരുവായ എൽ.കെ.അഡ്വാനിയെ പോലും മോദി ബഹുമാനിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി ബഹുമാനിക്കുന്നതിനേക്കാള്‍ അഡ്വാനിക്ക് കോണ്‍ഗ്രസ് ബഹുമാനം കൊടുത്തിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.

‘മോദിയുടെ ഗുരുവായിരുന്നു എൽ.കെ.അഡ്വാനി. എന്നാല്‍ തന്റെ ഗുരുവിനെ മോദി ബഹുമാനിക്കാതിരുന്ന ചടങ്ങുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അഡ്വാനിയെ കുറിച്ചോര്‍ത്ത് എനിക്ക് ദുഃഖം തോന്നുന്നു. മോദിജിയെക്കാള്‍ അഡ്വാനിക്ക് കോണ്‍ഗ്രസ് ബഹുമാനം നല്‍കുന്നുണ്ട്’, മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ രാഷ്ട്രീയത്തില്‍ എൽ.കെ.അഡ്വാനി എന്ന ബിജെപിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാവിന്റെ ശിഷ്യനായിരുന്നു നരേന്ദ്ര മോദി. രാഷ്ട്രീയത്തില്‍ അടവും തന്ത്രങ്ങളും മോദിക്ക് പകര്‍ന്ന് നല്‍കിയ അഡ്വാനി, ശിഷ്യനെ കൈപിടിച്ച് കയറ്റിയത് സ്വന്തം തലയ്‌ക്കു മുകളിലേക്കായിരുന്നു. ഇന്ന് ഇന്ത്യന്‍‌ രാഷ്ട്രീയത്തില്‍ പടര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന മോദി, തന്റെ രാഷ്ട്രീയ ഗുരുവിനെ പൊതുഇടങ്ങളില്‍ പോലും അവഗണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ത്രിപുര മുഖ്യമന്ത്രിയായി ചുമതലയേറ്റ ബിപ്ലവ് ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മോദി ഇത് പരസ്യമാക്കുകയും ചെയ്‌തിരുന്നു. എൽ.കെ.അഡ്വാനി അടക്കം നിരവധി പ്രമുഖരാണ് അന്ന് വേദിയില്‍ ഉണ്ടായിരുന്നത്. അഭിവാദ്യം ചെയ്‌ത അഡ്വാനിയെ മോദി അവഗണിച്ചാണ് മാണിക് സര്‍ക്കാരിന്റെ അടുത്തെത്തിയത്. സര്‍ക്കാരിന്റെ അടുത്തായി നിന്നിരുന്ന അഡ്വാനിയെ നോക്കുക പോലും ചെയ്യാതെയാണ് മോദി കടന്നുപോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ