ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന പുസ്തക മേള, പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല സാധാരണക്കാരേയും ആകര്‍ഷിക്കുകയാണ്. മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പ്രധാനമന്ത്രിയുടെ രൂപത്തിലും വലുപ്പത്തിലുമുള്ളൊരു കട്ടൗട്ട് ആണ്. കട്ടൗട്ടാണെന്ന് കരുതി അടുത്തു ചെല്ലുന്നവര്‍ അത്ഭുതപ്പെടും. വെറും കട്ടൗട്ടല്ല, മറിച്ച് മോദിയുടെ രൂപത്തിലുളള പുസ്തകം തന്നെയാണ് അത്. ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ മോദി പറഞ്ഞ വാചകങ്ങളുടെ ശേഖരമാണ് ‘നരേന്ദ്ര മോദി- എക് സകരാത്മക് സോച്ച്’ എന്ന പുസ്തകത്തിലുള്ളത്.

”ആളുകള്‍ പുസ്തകം കാണുമ്പോള്‍ അത്ഭുതപ്പെടും. ആദ്യം കരുതും കട്ടൗട്ട് ആണെന്ന്. പിന്നെ പുസ്തകം തന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ അഭിനന്ദിക്കും” പുസ്തകത്തിന്റെ പബ്ലിഷറായ അപൂര്‍വ ഷാ പറഞ്ഞു. പുസ്തകത്തിന്റെ സവിശേഷതകളെ കുറിച്ച് ഷാ പറയുന്നത് ഇങ്ങനെയാണ്, ”മോദിയുടെ സവിശേഷതകള്‍ മനസില്‍ വച്ചു കൊണ്ടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഉയരത്തില്‍ തന്നെയാണ് പുസ്തകവും തയ്യാറാക്കിയിരിക്കുന്നത്. 68 പേജുകളുണ്ട്. മോദിയുടെ പ്രായമാണത്. അദ്ദേഹത്തിന്റെ ഭാരം 77 കിലോയാണ്. അത്ര തന്നെയാണ് പുസ്തകത്തിന്റെ ഫ്രെയിമിന്റെ ഭാരവും.” സ്റ്റാളിലുള്ള വലിയ പുസ്തകത്തിന് പുറമെ ചെറിയ പുസ്തകങ്ങളും തയ്യാറാണ്.

മോദിയുടെ വാചകങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ വസ്തുക്കളുമാണ് പുസ്തകത്തിലുള്ളത്. അഹമ്മദാബാദ് സ്വദേശിയായ ഷാ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന അഹമ്മദാബാദ് പുസ്തകമേളയിലാണ് ഈ പുസ്തകം ആദ്യമായി അവതരിപ്പിച്ചത്. ഇത്തരത്തിലൊരു പുസ്തകം രാജ്യത്ത് തന്നെ ആദ്യമാണെന്നും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ഷാ പറഞ്ഞു.

പുസ്തകത്തിന്റെ ചെറിയ പതിപ്പിന്റെ വില 250 രൂപയാണ്. അതേസമയം, മോദിയുടെ വലുപ്പത്തിലുള്ള പുസ്തകത്തിന്റെ നിര്‍മ്മാണത്തിനായി 90000 രൂപ ചെലവായെന്ന് ഷാ പറയുന്നു. മോദിയുടെ പ്രസംഗങ്ങളും വാചകങ്ങളും ആരും പുസ്തക രൂപത്തിലാക്കിയിട്ടില്ല എന്നതുകൊണ്ടാണ് താന്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പുസ്തകത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് സാധിച്ചില്ലെന്നും ഷാ പറയുന്നു. എന്നാല്‍ തനിക്ക് അത് വിഷമമുണ്ടാക്കിയിട്ടില്ലെന്നും പുസ്തകം മോദിക്ക് വേണ്ടിയല്ല മറ്റുള്ളവര്‍ക്ക് വേണ്ടിയാണെന്നും ഷാ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ